കുഞ്ഞിളം മുഖങ്ങളിൽ ചിരിയില്ല, കോവിഡ് അനാഥരാക്കിയത് 9346 കുട്ടികളെ

0
63

കൊവിഡ് മഹാമാരി അനാഥമാക്കിയത് ആയിരക്കണക്കിന് കുട്ടികളെ. ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സുപ്രീംകോടതിയില്‍ ബാലാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്‌ കൊവിഡ് മഹാമാരി മൂലം ഉറ്റവരെ നഷ്ടപ്പെട്ട കുട്ടികളുടെ കണക്കുകള്‍. 9346 കുട്ടികളെ മഹാമാരി ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊവിഡ് കാരണം അച്ഛനെയോ അമ്മയെയോ ഇരുവരെയും നഷ്ടപ്പെട്ട കുട്ടികളുടെ കണക്കുകള്‍ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തതായി ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

9346 കുട്ടികളെയാണ് മഹാമാരി നേരിട്ട് ബാധിച്ചത്. ഇതില്‍ 1742 കുട്ടികള്‍ക്ക് അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. 7464 കുട്ടികള്‍ക്ക് രക്ഷകര്‍ത്താവ് ഒരാള്‍ മാത്രമായി. 140 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടതായി സത്യവാങ്മൂലത്തില്‍ പറയുന്നു. 2020 മാര്‍ച്ച് മുതല്‍ 2021 മെയ് 29 വരെയുള്ള കണക്കുകളാണ് ക്രോഡീകരിച്ചത്. ഈ കുട്ടികളില്‍ 1224 പേര്‍ രക്ഷകര്‍ത്താവിന്റെ ഒപ്പമാണ് ജീവിക്കുന്നത്. 985 കുട്ടികള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്. 6612 കുട്ടികള്‍ക്ക് അച്ഛന്‍ അല്ലെങ്കില്‍ അമ്മ മാത്രമേയുള്ളൂ.

മധ്യപ്രദേശിലാണ് ഏറ്റവുമധികം കുട്ടികള്‍ അനാഥരായത്. 422 കുട്ടികളാണ് ഒന്നെങ്കില്‍ അനാഥരാകുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തത്. അച്ചന്‍ അല്ലെങ്കില്‍ അമ്മ നഷ്ടപ്പെട്ട കുട്ടികള്‍ ഏറ്റവുമധികം ഉത്തര്‍പ്രദേശിലാണ്. 1830 കുട്ടികളാണ് ഇത്തരത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ജീവിക്കുന്നത്.അച്ഛന്‍ അല്ലെങ്കില്‍ അമ്മ മാത്രമുള്ള കുട്ടികളുടെ ക്ഷേമത്തിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.കുട്ടികളുടെ പഠനത്തിന് വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുക്കണമെന്നും ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തില്‍ പറയുന്നു. ഉറ്റവരെ നഷ്ടപ്പെട്ട കുട്ടികളുടെ വിശദാംശങ്ങള്‍ സുപ്രീംകോടതി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്റെ സത്യവാങ്മൂലം.