മഹാമാരിക്കിടയിലും അതിജീവനം : പുതിയ അധ്യയന വർഷം ഇന്നുമുതൽ

0
117

കൊവിഡ് എന്ന മഹാമാരിക്ക് മുമ്പിൽ തളരാതെ ഇന്ന് മുതൽ കേരളത്തിലെ കുട്ടികൾ പാഠങ്ങളുരുവിടും. ഈ അധ്യായനവർഷവും സംസ്ഥാനത്തെ വിദ്യാർത്ഥികൾ ചൊവ്വാഴ്ച മുതൽ വീണ്ടും ഡിജിറ്റൽ ക്ലാസിലെത്തും. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇക്കൊല്ലവും ഓൺലെനിലൂടെയാണ് പഠനം നടക്കുക. കൂടാതെ 45 ലക്ഷത്തോളം കുട്ടികൾ സ്‌കൂൾ പ്രവേശനോത്സവത്തിൽ വീടുകളിലിരുന്ന് പങ്കാളികളാകും.

തിരുവനന്തപുരം കോട്ടൺഹിൽ ഗവ. സ്‌കൂളിൽ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. വെർച്വലായി സ്ംഘടിപ്പിക്കുന്ന പ്രവേശനോത്സവത്തിൽ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, പി ടി ഉഷ തുടങ്ങിയവർ ആശംസയർപ്പിക്കും.

ഉദ്ഘാടനസമ്മേളനം കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യും. രാവിലെ 10.30ന് അങ്കണവാടി കുട്ടികൾക്കുള്ള പുതിയ ‘കിളിക്കൊഞ്ചൽ ക്ലാസുകൾ’ ആരംഭിക്കും. പകൽ 11 മുതൽ യുഎൻ ദുരന്ത നിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും.

പകൽ രണ്ട് മുതൽ മൂന്നുവരെ ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും. കേരളത്തിലെ എല്ലാ സ്‌ക്കൂളുകളിലും വെർച്വലായി ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.