ഒമാനിൽ പ്രവാസി അധ്യാപകർക്ക് തിരിച്ചടിയായി സ്വദേശിവത്കരണം, പ്രവാസികൾ ആശങ്കയിൽ

0
68

 

ഒമാനിൽ പ്രവാസി അധ്യാപകർക്ക് തിരിച്ചടിയായി മേഖലയിൽ സ്വദേശിവത്കരണം നടത്തുന്നു. 2700ലേറെ പ്രവാസി അധ്യാപകർക്കാണ് ഇതിലൂടെ ജോലി നഷ്ടമാകുന്നത്.

മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ പ്രവാസികൾ കൂടുതലായി ഉള്ള മേഖലകളിലൊന്നാണ് വിദ്യാഭ്യാസ മേഖല. ഒമാനിൽ സർക്കാർ സ്വകാര്യ മേഖലകളിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ സ്വദേശികൾക്കായി 32000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ദിവസം ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

നിലവിൽ ഒമാനിലെ വിവിധ ഹയർ സെക്കന്ററിതലം വരെയുള്ള സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കാണ് ജോലി നഷ്ടമാവുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പുതിയ അക്കാദമിക വർഷം തുടക്കം മുതൽ നിലവിലുള്ള പ്രവാസികളെ പിരിച്ചുവിട്ട് ഒമാൻ അധ്യാപകരെ നിയമിക്കാനാണ് പദ്ധതി. ഒമാനിലെ ഇന്ത്യൻ അധ്യാപകരിൽ കൂടുതൽ പേരും വനിതകളാണെന്നാണ് കണക്കുകൾ.

രാജ്യത്ത് സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാവുകയും അവർക്കിടയിൽ പ്രതിഷേധം ശക്തമാവകുയും ചെയ്ത സാഹചര്യത്തിലാണ് സ്വദേശി വൽക്കരണം വേഗത്തിലാക്കുന്നുതിനുള്ള നടപടികളുമായി ഒമാൻ ഭരണകൂടം മുന്നോട്ടുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങിയിരുന്നു. ഇതേത്തുടർന്ന് ഒമാൻ പ്രതിരോധ വിഭാഗങ്ങളിൽ റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിച്ചുകഴിഞ്ഞു.