സംസ്ഥാനത്ത് നടപ്പാക്കിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ ലഭിക്കും. പ്രഭാത, സായാഹ്ന നടത്തത്തിന് ഇന്നുമുതൽ അനുമതിയുണ്ട്. രാവിലെ അഞ്ച് മുതൽ ഏഴ് വരെയും വൈകിട്ട് ഏഴ് മുതൽ ഒൻപത് വരെയുമാണ് നടത്തത്തിന് അനുമതി.
ഹയർസെക്കന്ററി പരീക്ഷയുടെ മൂല്യനിർണയവും ഇന്ന് തുടങ്ങും. 79 ക്യാമ്പുകളിലായി 26,000 അധ്യാപകരാണ് മൂല്യനിർണയത്തിന് പങ്കാളികളാകുന്നത്.
ജൂൺ ഏഴ് മുതൽ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. തൃശൂരിൽ വ്യാപാരികളും മന്ത്രിമാരുമായി നടത്തിയ ചർച്ചയെ തുടർന്ന് ശക്തൻ മാർക്കറ്റ് പ്രവർത്തിച്ചുതുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം.
മൊത്തവ്യാപാര കടകൾക്ക് പുലർച്ചെ ഒന്നുമുതൽ 8 വരെയും ചെറുകിട വ്യാപാര കേന്ദ്രങ്ങൾ രാവിലെ 8 മുതൽ 12 വരെയും തുറക്കാം. തൊഴിലാളികളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. മത്സ്യ, മാംസ കടകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ തുറക്കാം.
മറ്റു നിർദേശങ്ങൾ
* സ്റ്റേഷനറി കടകൾ തുറക്കാൻ അനുവാദമില്ല.
* തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവ വില്ക്കുന്ന കടകളിൽ വിവാഹ ക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രം പ്രവേശനം. മറ്റെല്ലാവർക്കും ഹോം ഡെലിവറി മാത്രം.
* വ്യാവസായിക സ്ഥാപനങ്ങൾക്കും ഉത്പാദന കേന്ദ്രങ്ങൾക്കും മാത്രമാണ് ഇപ്പോൾ പ്രവർത്തനാനുമതിയുള്ളത്.
* പഠനാവശ്യങ്ങൾക്കും തൊഴിലിനുമായി വിദേശത്തു പോകുന്നവർക്കു നൽകിയ വാക്സിനേഷൻ ഇളവുകൾ ഹജ്ജ് തീർഥാടകർക്കും.
* 40 വയസിനു മുകളിലുള്ളവർക്ക് എസ്എംഎസ് അയയ്ക്കുന്ന മുറയ്ക്ക് വാക്സിൻ നൽകും.
8ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ 18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ.
ഫ്രണ്ട് ലൈൻ തൊഴിലാളികൾ
പരിശീലനത്തിൽ പങ്കെടുക്കുന്ന പോലീസ് ട്രെയിനികൾ, സാമൂഹ്യസന്നദ്ധ സേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഫീൽഡിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, ഐഎംഡിയുടെ ഫീൽഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീൽഡ് സ്റ്റാഫ്, കൊച്ചി വാട്ടർ മെട്രോ ഫീൽഡ് സ്റ്റാഫ് എന്നിവരെ തൊഴിലാളികളായി പരിഗണിക്കും.