കടമ്പ്രയാർ നദിയുടെ പുനരുജ്ജീവനത്തിനായി കർമ്മപദ്ധതി

0
57

 

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടർന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കടമ്പ്രയാർ നദിയുടെ പുനരുജ്ജീവനത്തിനായി കർമ്മപദ്ധതി തയ്യാറാക്കി നടപ്പാക്കിവരികയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. പി ടി തോമസിന്റെ ശ്രദ്ധ ക്ഷണിക്കലിനാണ്‌ മുഖ്യമന്ത്രിയുടെ മറുപടി

രാജ്യത്തെ മലിനീകരിക്കപ്പെട്ട നദികളുടെ പട്ടികയിൽ പ്രയോറിറ്റി (4) വിഭാഗത്തിലാണ് കടമ്പ്രയാർ നദി ഉൾപ്പെടുന്നത്. ഇതിന്റെ പുരോഗതി ഇതിനായി രൂപീകരിച്ച സമിതി വിലയിരുത്തുന്നുണ്ട്. സീവേജ് മാലിന്യവും ഖരമാലിന്യവും ബ്രഹ്മപുരം പ്ലാന്റിൽ നിന്നുമുള്ള ദ്രാവകങ്ങളുമാണ് നദിയുടെ മലിനീകരണത്തിന് പ്രധാന കാരണം.

നദിയിൽ നിന്നും എല്ലാ മാസവും സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചുവരുന്നു. പുഴയിൽ അലിഞ്ഞുചേർന്നിട്ടുള്ള ഓക്‌സിജന്റെ അളവ് കുറവായി കാണുന്നു. കൂടാതെ കോളിഫോം അളവും കൂടുതലായി കാണുന്നുണ്ട്. സമീപത്തെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ, ഹോട്ടലുകൾ എന്നിവയിൽ പരിശോധന നടത്തി നിയമന ലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. പുഴയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളിലും ഇടവിട്ടുള്ള പരിശോധന നടത്തിവരുന്നുണ്ടെന്നും മുഖ്യമരന്തി പറഞ്ഞു.