രാജ്യത്തെ കൊവിഡ് വാക്‌സിന്‍ നയം ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. കൊവിഡ് മഹാമാരിയുടെ കാലത്ത് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ സ്വയം കണ്ടെത്തണമെന്ന നയം സഹകരണാത്മകമായ ഫെഡറല്‍ സംവിധാനത്തിന്റെ നിഷേധമാണെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കയച്ച കത്തിൽ പറഞ്ഞു. സംസ്ഥാനങ്ങളിലെ എല്ലാ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണം.
പള്‍സ് പോളിയോ മുതലുള്ള എല്ലാ രോഗബാധയ്ക്കും ഇതുവരെ ജാര്‍ഖണ്ഡ് മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ ലഭിക്കുന്നത്. വാക്‌സിന്‍ സ്വന്തമായി വാങ്ങണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇത്തവണ നിര്‍ദേശിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യം ഇതാദ്യമാണ്. കൊവിഡ് പ്രതിരോധത്തിന് വേണ്ടി മാത്രം 1,100 കോടി രൂപയാണ് ജാര്‍ഖണ്ഡിന് വേണ്ടിവരുന്നത്. സംസ്ഥാനത്ത് 1.57 കോടി ഗുണഭോക്താക്കളാണ് ഉള്ളത്. 12-18 വരെയുള്ള കുട്ടികളെ കൂടി വാക്‌സിന്‍ നല്‍കുന്ന പട്ടികയില്‍ പെടുത്തുകയാണെങ്കില്‍ വീണ്ടും ഒരു ആയിരം കോടി വേണ്ടിവരും- സോറന്‍ കത്തില്‍ പറഞ്ഞു.