മതം നോക്കി പൗരത്വം അനുവദിക്കാനാകില്ല

0
58

ദേശാഭിമാനി മുഖപ്രസംഗം

രാജ്യം നേരിടുന്ന അതിസങ്കീർണമായ പ്രതിസന്ധികളെ വിസ്‌മരിച്ച്‌ തിരക്കിട്ട്‌ പൗരത്വനിയമ ഭേദഗതി നടപ്പാക്കാനുള്ള മോഡി സർക്കാരിന്റെ നീക്കം ആപൽക്കരമായ സ്ഥിതിവിശേഷമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. മുസ്ലിങ്ങളെ ഒഴിവാക്കി ഇതര മതങ്ങളിൽപ്പെട്ടവർക്ക്‌ പൗരത്വം നൽകാനുള്ള തീരുമാനത്തിനെതിരെ 2019ൽ ആരംഭിച്ച പ്രക്ഷോഭം കോവിഡ്‌ പടർന്നുപിടിച്ചതിനെ തുടർന്നാണ്‌ പാതിവഴിയിൽ നിർത്തേണ്ടിവന്നത്‌.

ദേശീയ തലസ്ഥാനത്തെ ഷഹീൻബാഗ്‌ ഉൾപ്പെടെ രാജ്യത്തെമ്പാടും വമ്പിച്ച ജനകീയ പ്രക്ഷോഭമാണ്‌ തുടർന്നുകൊണ്ടിരുന്നത്‌. എന്നാൽ, ഇപ്പോൾ കോവിഡ്‌ പ്രതിസന്ധിയുടെ മറവിൽ പൗരത്വ അജൻഡ ഒളിച്ചുകടത്താനുള്ള ശ്രമമാണ്‌ ആരംഭിച്ചിട്ടുള്ളത്‌.

ഗുജറാത്ത്‌, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ 13 ജില്ലയിൽ മുസ്ലിങ്ങൾ ഒഴികെയുള്ള അഭയാർഥികൾക്ക്‌ പൗരത്വം നൽകാൻ ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്‌ രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയെയാണ്‌ ദുർബലമാക്കുന്നത്‌. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിൽനിന്ന്‌ എത്തുന്ന അഭയാർഥികളിലാണ്‌ മതവിവേചനം അടിച്ചേൽപ്പിക്കുന്നത്‌.

ജന്മനാടുകളിൽനിന്ന്‌ തിരസ്‌കരിക്കപ്പെട്ട്‌ അഭയംതേടി എത്തുന്നവരെ മതത്തിന്റെ പേരിൽ വേർതിരിക്കാൻ തുടങ്ങിയത്‌ ബിജെപി സർക്കാരാണ്‌. 2016ൽ ലോക്‌സഭയിൽ പൗരത്വനിയമ ഭേദഗതി അവതരിപ്പിച്ചപ്പോൾത്തന്നെ ശക്തമായ എതിർപ്പ്‌ ഉയർന്നു. അന്നത്തെ സിപിഐ എം ഉപനേതാവ്‌ മുഹമ്മദ്‌ സലിം വിശദമായ വിയോജനക്കുറിപ്പും നൽകി. ഇതേതുടർന്ന്‌ സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചെങ്കിലും തുടർനടപടികൾ പ്രഹസനമാക്കി.

അസം ഒഴികെയുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പോലും സമിതി തയ്യാറായില്ല. അസം സന്ദർശനംതന്നെ കുഴപ്പങ്ങൾക്ക്‌ തിരികൊളുത്തി. ഇതര സംസ്ഥാനങ്ങളിലും ബംഗാളി മുസ്ലിങ്ങൾ കടുത്ത പീഡനത്തിന്‌ ഇരയായി. രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമായെങ്കിലും ബിൽ 2019 ഫെബ്രുവരിയിൽ ലോക്‌സഭ പാസാക്കി.

പൗരത്വത്തിന്‌ മതം അടിസ്ഥാനമാക്കാനുള്ള നീക്കം മോഡി സർക്കാർ ആദ്യം നടത്തിയത്‌ അസം ഉൾപ്പെടെയുള്ള കിഴക്കൻ സംസ്ഥാനങ്ങളിലായിരുന്നു. ബംഗ്ലാദേശ്‌ കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ ഈ മേഖലയിൽ ആരംഭിച്ചിട്ടും കാലമേറെയായി. 2018ൽ അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കിയപ്പോൾ 40 ലക്ഷം പേരാണ്‌ പട്ടികയ്‌ക്ക്‌ പുറത്തായത്‌. കടുത്ത പ്രക്ഷോഭങ്ങൾക്കൊടുവിൽ, പുറത്താവുന്നവരുടെ എണ്ണം കുറയ്‌ക്കാൻ തീരുമാനിച്ചു.

പൗരത്വരേഖകൾ ഹാജരാക്കുന്നവരെ പട്ടികയിൽ ഉൾപ്പെടുത്താമെന്നായി. എന്നിട്ടും ലക്ഷക്കണക്കിനാളുകൾ പൗരത്വം ഇല്ലാത്തവരായി. പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്നവർക്ക്‌ എന്ത്‌ പൗരത്വരേഖ. ഇത്തരത്തിൽ പരിഹാരമില്ലാതെ പ്രശ്‌നം തുടരുന്ന വേളയിലാണ്‌ മോഡി സർക്കാർ പൗരത്വനിയമ ഭേദഗതി പാസാക്കിയത്‌.

പൗരത്വനിയമത്തിനും പൗരത്വ രജിസ്‌ട്രിക്കുമെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുമ്പോഴാണ്‌, എല്ലാ സംസ്ഥാനത്തിലും ഇത്‌ നടപ്പാക്കുമെന്ന്‌ ബിജെപി സർക്കാർ പ്രഖ്യാപിച്ചത്‌. ഇതിനെതിരെ നിരവധി സംസ്ഥാന നിയമസഭകൾ പ്രമേയം പാസാക്കുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്‌തത്‌. നിയമത്തിന്റെ ഭാവി കോടതിയുടെ പരിഗണനയിൽ കിടക്കുമ്പോഴാണ്‌ ചട്ടങ്ങൾക്കുപോലും രൂപംനൽകാതെ 2019ലെ ഭേദഗതി നടപ്പാക്കുന്നത്‌.

പരമോന്നത കോടതിയെയും നിയമവാഴ്‌ചയെയും വില വയ്‌ക്കാത്ത ഭരണമാണ്‌ കേന്ദ്രത്തിലുള്ളത്‌. 2009ലെ ചട്ടങ്ങൾ പ്രകാരം പൗരത്വം നൽകുമെന്നാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്‌. എന്നാൽ, മുസ്ലിം സമുദായത്തെ പൗരത്വ അപേക്ഷയിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ ഈ ചട്ടങ്ങളിൽ എവിടെയും പറയുന്നില്ല.

ഹിന്ദു, സിഖ്‌, ബുദ്ധ, പാഴ്‌സി, ജയിൻ, ക്രൈസ്‌തവ വിഭാഗത്തിലുള്ളവരുടെ അപേക്ഷ ഓൺലൈനിലാണ്‌ നൽകേണ്ടത്. മതാടിസ്ഥാനത്തിൽ പൗരത്വം നൽകി ധ്രുവീകരണവും ഭിന്നതയും വളർത്താനുള്ള കേന്ദ്രശ്രമം ബോധപൂർവമാണ്‌. മതരാഷ്ട്രവാദത്തിലേക്കുള്ള ചുവടുവയ്‌പ്പും.

സിഎഎയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹർജികളിൽ തീർപ്പുകൽപ്പിക്കാനിരിക്കെ തിരക്കിട്ട്‌ നടപ്പാക്കുന്നതിലെ ചതി സുപ്രീംകോടതി തിരിച്ചറിയുമെന്ന പ്രതീക്ഷയാണ്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകടിപ്പിച്ചത്‌. കോവിഡ്‌ മഹാമാരിയിലും സാമ്പത്തിക പ്രതിസന്ധിയിലും രാജ്യം വിറങ്ങലിച്ചുനിൽക്കുകയാണ്‌.

കോവിഡ്‌ പ്രതിരോധത്തിൽ കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾ വരുത്തിയ വീഴ്‌ച സജീവ ചർച്ചയാണ്‌. ഇതിൽനിന്ന്‌ ശ്രദ്ധ തിരിക്കാനാണ്‌ സിഎഎ തിരക്കിട്ട്‌ നടപ്പാക്കുന്നത്‌. യുപിയിലെ ബാരാബങ്കി മുസ്ലിം പള്ളി തകർക്കൽ, ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നടപടികൾ എന്നിവയും ഇതേ ലക്ഷ്യത്തോടെയുള്ള നടപടികളാണ്‌.

പൗരത്വനിയമ ഭേദഗതിയുടെ ഭാവിതന്നെ സുപ്രീംകോടതിയുടെ മുന്നിലിരിക്കെ സ്വേച്ഛാപരമായ ഇത്തരം നടപടികളിൽനിന്ന്‌ കേന്ദ്ര സർക്കാർ പിൻവാങ്ങണം. അർഹരായ മുഴുവൻ അഭയാർഥികൾക്കും മതവിവേചനമില്ലാതെ പൗരത്വം നൽകാനുള്ള തീരുമാനമാണ്‌ ഉണ്ടാകേണ്ടത്‌.

പൗരത്വ രജിസ്‌ട്രി ഉണ്ടാക്കി ചില മതവിഭാഗങ്ങളിൽപ്പെട്ടവരെ രണ്ടാം തരക്കാരാക്കാനും തടങ്കൽപ്പാളയങ്ങളിൽ അടയ്‌ക്കാനുമുള്ള നീക്കം ചെറുക്കുമെന്ന്‌ ശക്തിയുക്തം പ്രഖ്യാപിച്ച സംസ്ഥാനമാണ്‌ കേരളം. പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ നയത്തിനു ലഭിച്ച അംഗീകാരം കൂടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ജനവിധി.

എന്നാൽ, കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും വീണ്ടും പൗരത്വ പ്രശ്‌നം ഉയർത്തിക്കൊണ്ടുവരുമ്പോൾ അതിശക്തമായ പ്രതിരോധമാണ്‌ അനിവാര്യമാകുന്നത്‌. ഈ വിഷയത്തിലും മതനിരപേക്ഷ ഇന്ത്യ ഉറ്റുനോക്കുന്നത്‌ കേരളത്തെയാണ്‌.