വാക്‌സിൻ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ആഗോള ടെണ്ടറിലൂടെ നടപടി സ്വീകരിക്കണം : മുഖ്യമന്ത്രി

0
122

 

വാക്‌സിൻ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ആഗോള ടെണ്ടറിലൂടെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചിട്ടുണ്ടെന്നും വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിനുമേൽ കേരളം നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

കോവിഡ് പ്രതിരോധ വാക്‌സിൻ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം. ഈ നയം ഒന്നിലധികം തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. കേന്ദ്രസർക്കാരിനെ ഈ അഭിപ്രായം വളരെ ശക്തമായിത്തന്നെ അറിയിച്ചിട്ടുള്ളതുമാണ്.

പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തേണ്ടിവരുന്ന ജനവിഭാഗങ്ങൾക്ക് വാക്‌സിൻ നൽകുന്നതിന് മുൻഗണന നൽകുന്നുണ്ടെന്നും പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലഭിച്ച വാക്‌സിൻ ഒട്ടും പാഴാക്കാതെ (സീറോ വേസ്റ്റേജ്) ഉപയോഗപ്പെടുത്തിയത് കേന്ദ്രസർക്കാർ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ട്.

ദേശീയതലത്തിൽ കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം കെട്ടിപ്പടുക്കാൻ ഏറ്റവും നല്ല മാർഗ്ഗം സാർവ്വത്രികമായ പ്രതിരോധ കുത്തിവയ്പ്പാണ്. സംസ്ഥാനം 70 ലക്ഷം കോവിഷീൽഡ് വാക്‌സിനും 30 ലക്ഷം കോവാക്‌സിൻ വാക്‌സിനും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി ഓർഡർ നൽകിയിട്ടുണ്ട്. വാക്‌സിൻ ലഭ്യമാക്കാൻ ആഗോള ടെണ്ടർ വിളിക്കുന്ന കാര്യത്തിലും നടപടി സ്വീകരിച്ചിട്ടുണ്ട്.