അങ്കണവാടി പ്രവേശനോത്സവവും ഇന്ന് ,കിളിക്കൊഞ്ചൽ സീസൺ 2 ഇന്ന് മുതൽ

0
209

അങ്കണവാടി പ്രവേശനോത്സവവും ഇന്ന് നടക്കും. മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്തുവരുന്ന വിനോദ വിജ്ഞാന പരിപാടിയായ ‘കിളിക്കൊഞ്ചൽ സീസൺ 2’ ന്റെ സംപ്രേക്ഷണവും ഇന്ന് ആരംഭിക്കുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് അങ്കണവാടികളിൽ നേരിട്ടെത്തി പ്രീ സ്‌കൂൾ പ്രവേശനം നേടുന്നതിന് സാധിക്കാത്ത സാഹചര്യത്തിലാണ് 2021-22 അക്കാദമിക്ക് വർഷത്തെ പ്രീ സ്‌കൂൾ പ്രവേശനോത്സവം ഓൺലൈൻ മുഖേന ആരംഭിക്കുന്നത്. ജൂൺ ഒന്നാം തീയതി മുതൽ എല്ലാ ദിവസവും രാവിലെ 10.30 മുതൽ 11 മണിവരെയാണ് സംപ്രേക്ഷണം.

എല്ലാ കുട്ടികളേയും ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് കിളിക്കൊഞ്ചലിലേക്ക് സ്വാഗതം ചെയ്തു. ഈ അധ്യയന വർഷം മുതൽ കെട്ടിലും മട്ടിലും മാറ്റം വരുത്തിയാണ് കിളിക്കൊഞ്ചൽ സീസൺ 2 അവതരിപ്പിക്കുന്നത്.

കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ആനിമേഷൻ, പാട്ടുകൾ എന്നിവ ഉൾപ്പെടുത്തി പുതിയ സംവിധാനത്തിൽ വരുന്ന കിളിക്കൊഞ്ചൽ എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്പെടുമെന്ന് തന്നെയാണ് വിശ്വാസം. പ്രതിസന്ധികളിലും തളരാതെ കാലത്തിനാവശ്യമായ മാറ്റങ്ങളോടെ പുതുമയും ആവേശവും ഉൾക്കൊള്ളിച്ചുകൊണ്ട് വനിതാശിശു വികസന വകുപ്പ് ഒരുക്കുന്ന ഈ പരിപാടിയെ രക്ഷിതാക്കളും വിദ്യാർഥികളും പൂർണമായി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

കുട്ടികൾക്കിടയിൽ വളരെയധികം സ്വീകാര്യമുണ്ടായിരുന്ന 175 ഓളം എപ്പിസോഡുകൾ പിന്നിട്ട പരിപാടിയുടെ രണ്ടാം ഭാഗമാണിത്. അങ്കണവാടി വർക്കർമാരും ഐസിഡിഎസ് സൂപ്പർവൈസർമാരുമാണ് ഈ പരിപാടി സജ്ജമാക്കുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടികൾ കോവിഡ് മൂലം പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് വിക്ടേഴ്സ് ചാനൽ വഴി പ്രീ സ്‌കൂൾ കുട്ടികൾക്കായുള്ള ഓൺലൈൻ പരിപാടി സംപ്രേക്ഷണം ചെയ്തു വരുന്നത്.

കുഞ്ഞുങ്ങളുടെ സമഗ്രവികസനം ഉറപ്പാക്കുന്നതിനും കോവിഡ് പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ മൂലം കുഞ്ഞുങ്ങൾ വീടുകളിൽ തന്നെ കഴിയേണ്ടി വരുമ്പോൾ അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ഇതുവഴി സാധിക്കും.