Breaking കൊടകര കുഴൽപ്പണകേസ് ; മുഖ്യപ്രതിയുമായി കണ്ണൂരിൽ കൂടിക്കാഴ്ച നടത്തിയ ഉന്നത ബിജെപി നേതാവാര്, അന്വേഷണം തുടങ്ങി

0
65

തെരഞ്ഞെടുപ്പ് ഫണ്ടെന്ന പേരിൽ ബിജെപിക്കാർ കടത്തിയ മൂന്നരക്കോടി കൊടകരയിൽ വ്യാജ വാഹനാപകടം സൃഷ്ടിച്ച് തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയുമായി ബിജെപി ഉന്നതനേതാവിന്റെ കൂടിക്കാഴ്ച. മുഖ്യപ്രതിക്ക് പുറമെ കേസിലെ മറ്റു പ്രധാനപ്പെട്ട പ്രതികളുമായാണ് ഉന്നത നേതാവടക്കമുള്ളവർ കൂടിക്കാഴ്ച നടത്തിയത്. കണ്ണൂരിലെ ഒരു രഹസ്യകേന്ദ്രത്തിൽ വെച്ചായിരുന്നു മുഖ്യപ്രതിയടക്കമുള്ളവരെ ഉന്നത നേതാക്കൾ സന്ദർശിച്ചത്. പ്രതികളായ ബിജെപി നേതാക്കള്‍ക്കൊപ്പം കേസിലെ മറ്റു പ്രതികളും ഉണ്ടായിരുന്നുവെന്നും പുറത്തുവന്നിട്ടുണ്ട്. പണം തട്ടിയെടുത്ത പരാതി പുറത്തുവന്നതിനുപിന്നാലെ പൊലീസ് അന്വേഷണം തുടങ്ങിയ ഘട്ടത്തിലായിരുന്നു കൂടിക്കാഴ്ച.

കണ്ണൂരിലെ ഏതാനും ആർഎസ്എസ് നേതാക്കളാണ് കൂടിക്കാഴ്ചക്ക് കളമൊരുക്കിയത്. രണ്ട് ആർഎസ്എസ് പ്രമുഖർക്കൊപ്പമാണ് ബിജെപി ഉന്നതനേതാവും സംസ്ഥാന നേതാക്കളും കൂടിക്കാഴ്‌ചക്കെത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മംഗളുരു വഴിയാണ് കോടികളുടെ കുഴൽപ്പണം കേരളത്തിലേക്ക് കടത്തിയത്. ആർഎസ്എസിന്റെ ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായാണ് മംഗളുരു അറിയപ്പെടുന്നത്. ഇവിടെനിന്നും തുക വാഹനത്തിൽ കാസർകോട് അതിർത്തിയിൽ എത്തിച്ചശേഷം പിന്നീട് കേരളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പുറത്തുവന്നിട്ടുള്ളത്.
കവര്‍ച്ച സംബന്ധിച്ച വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കേസിലെ മുഖ്യപ്രതിയുമായി ഉന്നത നേതാക്കൾ കൂടിക്കാഴ്ച നടത്തിയെന്ന കാര്യം അന്വേഷകസംഘവും സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി ഉന്നത ബിജെപി നേതാക്കളെ ഉടൻ ചോദ്യം ചെയ്യും. കൂടിക്കാഴ്ച നടത്തിയ നേതാക്കളുടെ പേരുവിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചു. ഇവരെ അടുത്ത രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

കേസില്‍ ബി.ജെ.പി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി കര്‍ത്ത, സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശന്‍, മേഖല സെക്രട്ടറി ജി കാശിനാഥന്‍, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരെയും അന്വേഷണ സംഘം ഇതിനകം വിളിപ്പിച്ച് മൊഴിയെടുത്തിട്ടുണ്ട്.അതിനിടെ, സംഘപരിവാർ അനുകൂലികളായ അഭിഭാഷകർ മുഖേന കേസ് ഒതുക്കിത്തീർക്കാൻ ശ്രമം ആരംഭിച്ചു.

നിലവിൽ അറസ്റ്റിലായവരെയും ഒരു ജില്ലാ ബിജെപി നേതാവിനെയും പ്രതികളാക്കി അന്വേഷണം അവസാനിപ്പിക്കണമെന്ന അഭ്യർത്ഥന ചില അഭിഭാഷകർ മുന്നോട്ടുവെച്ചിട്ടുണ്ട്. കേസിൽ കുറ്റം ഏറ്റെടുത്താൽ ലക്ഷങ്ങൾ നൽകാമെന്നും സംരക്ഷണം ഏറ്റെടുക്കാമെന്നുമാണ് നിലവിൽ കസ്റ്റഡിയിൽ കഴിയുന്ന ചിലർക്ക് ബിജെപി നേതൃത്വം നൽകിയിട്ടുള്ള ഓഫർ. നേതാക്കളുടെ പേര് പുറത്തുവരാതിരിക്കാൻ “പ്രത്യേകം” ശ്രദ്ധിക്കണമെന്നാണ് ബിജെപി അനുകൂല സംഘടനയിലെ അഭിഭാഷകർ നൽകിയിട്ടുള്ള നിർദ്ദേശം. കേസ് കൂടുതൽ പേരിലേക്ക് നീളാതിരിക്കാനും കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഇടപെടൽ ഉണ്ടാകാതിരിക്കാനും ഇക്കൂട്ടരാണ് ഉന്നത നേതാവിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നത്.