നക്ഷത്ര ഹോട്ടലുകളിൽ വാക്സിനേഷൻ നൽകരുത്, ചട്ടവിരുദ്ധം: കേന്ദ്രസർക്കാർ

0
69

നക്ഷത്ര ഹോട്ടലുകളിൽ കോവിഡ്​ വാക്സിനേഷൻ നൽകുന്നത് ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര സർക്കർ. സർക്കാർ, സ്വകാര്യ വാക്​സിനേഷൻ കേന്ദ്രങ്ങളിലും ജോലി സ്ഥലങ്ങളിലും മാത്രമേ വാക്​സിൻ നൽകാവു. പ്രായമായവർക്കും വികലാംഗർക്കും വീട്ടിൽ വാക്​സിൻ നൽകാമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ചില സ്വകാര്യ ആശുപത്രികൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വാക്സിനേഷൻ സൗകര്യമായൊരുക്കി വാക്സിൻ പാക്കേജ് അവതരിപ്പിക്കുന്നുണ്ട്. . നക്ഷത്ര ഹോട്ടലുകളിൽ താമസം, ഭക്ഷണം, വാക്​സിൻ എന്നിവയുൾപ്പെടുന്നതാണ്​ പാക്കേജ്​. ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ഉത്തരവ് ഇറക്കിയത്.

വാക്​സിൻ വിതരണവുമായി ബന്ധപ്പെട്ട്​ കേ​ന്ദ്രസർക്കാറിന്‍റെ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന്​ സംസ്ഥാനങ്ങളോട്​ നിർദേശിച്ചു. മാനദണ്ഡങ്ങൾ അനുസരിച്ചാണോ വാക്​സിൻ വിതരണം നടത്തുന്നതെന്ന്​ സംസ്ഥാനങ്ങൾ ഉറപ്പാക്കണം. വാക്​സിൻ മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രസർക്കാർ വ്യക്​തമാക്കി.