അറിവിന്റെ പുത്തൻ സൂര്യോദയത്തിലേക്ക് കുരുന്നുകളെ ക്ഷണിച്ച് പ്രവേശനോത്സവഗീതം

0
121

അറിവിന്റെ പുത്തൻ പുലരിയിലേക്ക് കുരുന്നുകളെ ക്ഷണിച്ച് തയാറാക്കിയ ഈ അധ്യയനവർഷത്തെ പ്രവേശനോത്സവഗീതം പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഗാനത്തിന്റെ ഓഡിയോ പ്രകാശനം നിർവഹിച്ചു.

ജൂൺ ഒന്നിന് നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങിൽ പുതുതായി സ്‌കൂളുകളിലെത്തുന്ന കുരുന്നുകളെ സ്വാഗതം ചെയ്ത് ഗീതം അവതരിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ 8.30ന് തിരുവനന്തപുരം കോട്ടൻഹിൽ സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഇത്തവണ വെർച്വൽ പ്രവേശനോത്സവമാണെങ്കിലും കുട്ടികൾക്ക് സ്‌കൂൾ പ്രവേശനത്തിന്റെ ആവേശവും സന്തോഷവും ഒട്ടും ചോർന്നുപോകാതെ പുതിയ അധ്യയന വർഷത്തേക്ക് കൈപിടിച്ചാനയിക്കാൻ ഊർജ്ജം നൽകുംവിധമാണ് ഗീതം ഒരുക്കിയിരിക്കുന്നത്.

വീട്ടിലിരുന്ന് ഡിജിറ്റലായാണ് വിദ്യാഭ്യാസമെങ്കിലും ഭാവിയിൽ സ്‌കൂളുകളിലെത്തുമ്പോൾ ഇതിലും മികച്ച അനുഭവങ്ങളും അറിവുകളും അവരെ കാത്തിരിക്കുന്നുവെന്നും പ്രവേശനോത്സവഗീതം വിളിച്ചോതുന്നു.

‘പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തൻ പുലരി പിറക്കുന്നേ’ എന്ന് തുടങ്ങി കുട്ടികളുടെ മനസ്സറിഞ്ഞുള്ള വരികൾ ഒരുക്കിയിരിക്കുന്നത് കവി മുരുകൻ കാട്ടാക്കടയാണ്. തുടർച്ചയായി അഞ്ചാം വർഷമാണ് അദ്ദേഹം പ്രവേശനോത്സവഗീതം രചിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് പ്രസിദ്ധ സംഗീതസംവിധായകനായ രമേശ് നാരായണനാണ്. സ്റ്റീഫൻ ദേവസ്സിയുടേതാണ് ഓർക്കസ്ട്രേഷൻ.

സംസ്ഥാന അവാർഡ് ജേതാവായ ഗായിക മധുശ്രീ നാരായണനും നിരവധി സ്‌കൂൾ കുട്ടികളും ചേർന്നാണ് ഗാനാലാപനം. സമഗ്ര ശിക്ഷ കേരളമാണ് ഗീതത്തിന്റെ നിർമാണം.

പ്രവേശനോത്സവഗീതത്തിന്റെ പ്രകാശനചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ: എ.പി. കുട്ടിക്കൃഷ്ണൻ, കവിയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അക്കാഡമിക് കോ-ഓർഡിനേറ്ററുമായ മുരുകൻ കാട്ടാക്കട തുടങ്ങിയവർ സംബന്ധിച്ചു.