ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പിപിഇ കിറ്റ് ധരിച്ചെത്തിയയാള്‍ മറ്റൊരാളുടെ സഹായത്തോടെ പാലത്തിനു മുകളില്‍ നിന്ന് മൃതദേഹം പുഴയിലേക്കെറിയുന്ന ദൃശ്യങ്ങൾ വാർത്ത ഏജൻസികളും ദേശീയ മാധ്യമങ്ങളും പുറത്തുവിട്ടു. ബാല്‍റാംപൂര്‍ ജില്ലയിലെ റാപ്തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നത്.
നേരത്തേ കോവിഡ് ബാധിതരുടേത് ഉള്‍പ്പെടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുക്കിയ സംഭവം രാജ്യത്തിന് തന്നെ വന്‍ നാണക്കേടാണ് വരുത്തിയത്. ഇതോടെ മൃതദേഹങ്ങള്‍ നദികളിലേക്ക് ഒഴുക്കിവിടരുതെന്ന് നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം, യുപിയില്‍ ഇത്തരം സംഭവങ്ങളൊന്നും ഇല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത്.