ബീഹാറിലെ സിപിഐ എം എംഎല്‍എ അജയ്കുമാറിന് നേരെ വീണ്ടും വധശ്രമം

0
100

ബീഹാറിലെ സിപിഐ എം നേതാവും എംഎല്‍എയുമായ അജയ്കുമാറിന് നേരെ തുടര്‍ച്ചയായ വധശ്രമം. ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. സംഘടിച്ചെത്തിയ അക്രമികള്‍ സമസ്തിപൂരിലെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് അതിക്രമിച്ച് കയറി അജയ്കുമാറിനെ കൊലപ്പെടുത്താനാണ് ശ്രമിച്ചത്.

എന്നാല്‍ ഈ സമയം അജയ്കുമാറിന്റെ സുരക്ഷയ്ക്കായി പാര്‍ടി നിയോഗിച്ച പ്രവര്‍ത്തകന്‍ മാത്രമേ ഓഫീസിലുണ്ടായിരുന്നുള്ളൂ. ഇദ്ദേഹത്തെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. അജയ്കുമാറിനെ കിട്ടാത്തതിന്റെ ദേഷ്യത്തില്‍ അക്രമികള്‍ പാര്‍ടി ഓഫീസിന്റെ ചില്ലുകളും എംഎല്‍എയുടെ വാഹനവും തകര്‍ത്തു.

മെയ് 3ന് വിഭൂതിപൂരില്‍ പരിപാടി കഴിഞ്ഞ് വാഹനത്തില്‍ വരുമ്പോള്‍ ബൈക്കിലെത്തിയ അക്രമികള്‍ അജയ്കുമാറിനെ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. യോഗിപൂരിന് സമീപത്തുവച്ച് അജയ്കുമാറിന്റെ വാഹനത്തിന് കുറുകെ ബൈക്ക് നിര്‍ത്തുകയും വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

എന്നാല്‍ അജയ്കുമാറിനൊപ്പമുണ്ടായിരുന്ന സഹായികള്‍ കൃത്യസമയത്ത് ചാടിയിറങ്ങിയത് കണ്ട് അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ആ അക്രമികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല.