റിയാസ് തുടങ്ങി, അറ്റകുറ്റപ്പണികൾ വിലയിരുത്താൻ മന്ത്രിയുടെ മിന്നൽ സന്ദർശനം

0
120

 

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് വകുപ്പിന്റെ കീഴിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിന് മിന്നൽ സന്ദർശനം നടത്തിയത്. കോഴിക്കോട് , മലപ്പുറം ജില്ലാ അതിർത്തിയിലുള്ള അറപ്പുഴ പാലത്തിലെ കുഴികൾ നികത്താത്തതിനെ കുറിച്ച് നിരവധി പരാതികൾ മന്ത്രിയായി ചുമതലയേറ്റ ശേഷം നാട്ടുകാരിൽ നിന്നും ലഭിച്ചിരുന്നു.ചുമതല ഏറ്റ ശേഷം ആദ്യം വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല യോഗത്തിൽ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്താത്തത് ചർച്ച ചെയ്യുകയും  വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ദേശീയപാതാ അതോറിറ്റിയുമായി ബന്ധപ്പെടാനും പണി ആരംഭിക്കാനും കർശന നിർദ്ദേശം നൽകുകയും ചെയ്തു.ഫോൺ ഇൻ പ്രോഗ്രാമിലും ഇത് സംബന്ധിച്ച പരാതി ഉന്നയിക്കപ്പെട്ടു. ഈയവസരത്തിലാണ് കോഴിക്കോട് എത്തിയ മന്ത്രി അറ്റകുറ്റപണി പരിശോധിക്കാൻ സ്ഥലത്ത് സന്ദർശനം നടത്തിയത്. സമയബന്ധിതമായി പണി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു. പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിൽ ഇത്തരം പരിശോധനകൾ തുടർന്നും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.