സംസ്ഥാനത്ത് പാഠപുസ്‌തകം, യൂണിഫോം വിതരണോദ്‌ഘാടനം നാളെ

0
56

 

ജൂൺ ഒന്നിന്‌ പുതിയ അധ്യയന വർഷാരംഭത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പാഠപുസ്‌തകവും കൈത്തറി യൂണിഫോമും ഉറപ്പാക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിൽ വെർച്വൽ ആയി (ഓൺലൈനിൽ) സംഘടിപ്പിക്കുന്ന പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ വിക്ടേഴ്‌സ്‌ ചാനലിലൂടെ ഉദ്‌ഘാടനംചെയ്യുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോക്‌ഡൗണിൽ നിലച്ച പാഠപുസ്‌തക അച്ചടിയും വിതരണവും ജൂൺ ഒന്നിനകം പൂർത്തിയാക്കും. 288 ടൈറ്റിലിലായി 2.62 കോടി പാഠപുസ്‌തകമാണ്‌ ഒന്നാം വോള്യമായി വേണ്ടത്‌. ഇതിന്റെ 70 ശതമാനവും അച്ചടി പൂർത്തിയാക്കി സ്‌കൂൾ സൊസൈറ്റികളിലേക്ക്‌ നൽകി.

അച്ചടി, വിതരണ ചുമതലയുള്ള കെബിപിഎസിൽ ജീവനക്കാർക്ക്‌ കോവിഡ്‌ ബാധിച്ചതും പ്രതിസന്ധിയായി. പാഠപുസ്‌തക വിതരണത്തിന്‌ ലോക്‌ഡൗൺ ഇളവുണ്ട്‌. ഒന്നാം ക്ലാസ്‌ പുസ്തക വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം ശനിയാഴ്‌ച രാവിലെ പത്തിന്‌ മണക്കാട് ഗവ. ടിടിഐയിൽ നടക്കും.

കുട്ടികൾക്കുള്ള കൈത്തറി യൂണിഫോം എല്ലാ ഉപജില്ലയിലെയും വിതരണ കേന്ദ്രത്തിൽ എത്തിച്ചു. 9,39,107 കുട്ടികൾക്കുള്ള യൂണിഫോം ആണ്‌ നൽകിയത്‌. 39 ലക്ഷം മീറ്റർ തുണിയാണ് ഉപയോഗിച്ചത്‌. യൂണിഫോമിനായി 105 കോടി രൂപ വകയിരുത്തി.

ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള സർക്കാർ സ്‌കൂളുകളിലും പ്രൈമറി മാത്രമുള്ള എയ്‌ഡഡ്‌ എൽപികളിലുമാണ്‌ കൈത്തറി യൂണിഫോം നൽകുന്നത്‌. കൈത്തറി യൂണിഫോം ലഭ്യമാകാത്ത ക്ലാസുകളിലെ കുട്ടികൾക്ക് യൂണിഫോമിന്‌ 600 രൂപ നൽകും. യൂണിഫോം വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം ശനിയാഴ്ച മണക്കാട് സ്കൂളിലാണ്‌.

മാറ്റിവച്ച എൽഎസ്‌എസ്‌, യുഎസ്‌എസ്‌ പരീക്ഷകൾ അനുകൂല സാഹചര്യം വരുമ്പോൾ നടത്തും. പ്ലസ്‌ വൺ ഓൺലൈൻ പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്ത സാഹചര്യത്തിൽ കുട്ടികൾക്ക്‌ ഒരാഴ്‌ച പഠന ഇടവേള നൽകുന്നതിനായി പ്ലസ്‌ ടു ക്ലാസുകൾ ഒരാഴ്‌ച വൈകിയേ ആരംഭിക്കൂ. പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ കേന്ദ്രനിർദേശമുണ്ട്‌.

സംസ്ഥാന സാഹചര്യംകൂടി പരിഗണിച്ച്‌ പാഠ്യപദ്ധതി സമയബന്ധിതമായി പരിഷ്‌കരിക്കും. അൺ എയ്‌ഡഡ്‌ സ്‌കൂളുകളിൽനിന്ന്‌ പൊതുവിദ്യാലയങ്ങളിലേക്ക്‌ മാറാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികളെയും ടിസി പ്രശ്‌നം ബാധിക്കാതെ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവും പങ്കെടുത്തു.