കണ്ണൂർ പയ്യാമ്പലത്ത് ബിജെപിയിൽ കൂട്ടരാജി, സിഎപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും

0
59

കണ്ണൂര്‍ പയ്യാമ്പലത്ത് ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ കൂട്ടരാജി. ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി അംഗം കെ സി ആനന്ദ്‌, പ്രവര്‍ത്തകരായ കെ രവീന്ദ്രന്‍, കെ വിപിന്‍ എന്നിവരും കുടുംബങ്ങളുമാണ് ബിജെപിയിൽ നിന്നും രാജി വെച്ചത്. ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി. തുടർന്ന് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിൽ ബിജെപി സ്ഥാനാര്ഥിയായിരുന്നു രാജിവെച്ച ആനന്ദ്. പയ്യാമ്പലം ബൂത്ത് പ്രസിഡന്റും കണ്ണൂർ മണ്‌ഡലം കമ്മിറ്റിയംഗവുമാണ്. മറ്റുള്ളവരെല്ലാം സജീവ ബിജെപി പ്രവർത്തകരായിരുന്നു. ഇതിനുപുറമെ മറ്റു നിരവധിപേരും ബിജെപിയിൽ നിന്നും ഉടൻ രാജി വെക്കും. ഇവർക്ക് പുറമെ കോൺഗ്രസ് പ്രവർത്തക വി പത്മശ്രീ രാജിവെച്ചു. ഏവരും സിപിഐ എമ്മുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.

ബിജെപിയിൽ നിന്നും രാജിവെച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചവരെ കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജന്‍ ഹാരമണയിച്ച്‌ സ്വീകരിച്ചു. അഴീക്കോടന്‍ മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ കണ്ണൂര്‍ ഏരിയാ സെക്രട്ടറി കെ പി സുധാകരന്‍, ഏരിയാ കമ്മിറ്റി അംഗം ഒ കെ വിനീഷ്‌ എന്നിവര്‍ പങ്കെടുത്തു.