മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണ ജോർജ്

0
82

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കൊതുകുകൾ പെരുകുന്നതു കാരണം ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും മലിനമായ ജലം കുടിവെള്ള സ്രോതസുകളിൽ കലരുന്നത് വഴി വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും വർധിക്കാൻ കാരണമാകും.

മലിനജല സമ്പർക്കത്തിലൂടെ ഉണ്ടാകുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. പ്രളയബാധിത മേഖലകളിലെ പകർച്ച വ്യാധികളിൽ ഏറ്റവും പ്രധാനമാണിത്. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്.

എലിപ്പനിയുടെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ചികിത്സ ലഭ്യമാക്കിയാൽ രോഗം ഗുരുതരമാകാതെ ഭേദപ്പെടുത്താൻ സാധിക്കും. അതിനാൽ തന്നെ മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവർ ഏറെ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് എലിപ്പനി?

ലെപ്ടോസ്പൈറ ജനുസിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്. രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.

രോഗ ലക്ഷണങ്ങൾ

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോൾ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാൽമുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തിൽ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കിൽ എലിപ്പനി ആണോയെന്ന് ബലമായി സംശയിക്കണം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചിൽ, ഛർദി എന്നിവയും ഉണ്ടാവാം. ചിലർക്ക് വയറുവേദന, ഛർദി, വയറ്റിളക്കം, ത്വക്കിൽ ചുവന്ന പാടുകൾ എന്നിവ ഉണ്ടാവാം.

എലിപ്പനി കരളിനെ ബാധിക്കുമ്പോൾ മഞ്ഞപ്പിത്തവും, വൃക്കകളെ ബാധിക്കുമ്പോൾ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലർന്ന മൂത്രം പോവുക, കാലിൽ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു. ചിലരിൽ രക്തസ്രാവം ഉണ്ടാവാം.

പ്രതിരോധ മാർഗങ്ങൾ

· മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
· കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.
· ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പർക്കം വന്നവരും ഡോക്സിസൈക്ലിൻ ഗുളിക 200 എം.ജി. (100 എം.ജി.യുടെ രണ്ട് ഗുളിക) ആഴ്ചയിലൊരിക്കൽ കഴിച്ചിരിക്കേണ്ടതാണ്. മലിനജലവുമായി സമ്പർക്കം തുടരുന്നത്രയും കാലം ഡോക്സിസൈക്ലിൻ പ്രതിരോധം തുടരേണ്ടതാണ്.
· എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ, ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.