അടുക്കളകൾ സ്മാർട്ട് ആകുന്നു, സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കാൻ മൂന്നംഗ സമിതി

0
85

എൽഡിഎഫ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ട ഇനമായ സ്മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖയും ശുപാർശയും സമർപ്പിക്കുവാൻ വനിത ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചതാി മുഖ്യമന്ത്രി പിണറായി വിജയൻ.

ഗാർഹിക ജോലിയിൽ ഏർപ്പെട്ട സ്ത്രീകൾക്ക് സർക്കാരിൽ നിന്നും ലഭ്യമാക്കേണ്ട സഹായം, ഗാർഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാൻ സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കൽ എന്നിവ സംബന്ധിച്ച മാർഗരേഖയും ശുപാർശകളും സമർപ്പിക്കാനാണ് മൂന്നംഗ സമിതി രൂപീകരിച്ചത്.

ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, വനിതശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിൽ. റിപ്പോർട്ട് 2021 ജൂലൈ 10നകം സമർപ്പിക്കണമെന്ന് നിർദേശം നൽകി.

ഗാർഹിക അദ്ധ്വാനത്തിലേർപ്പെടുന്നത് മഹാഭൂരിപക്ഷവും സ്ത്രീകളാണ്. വീട്ടിലെ ജോലിക്കൊപ്പം പുറമേയുള്ള മറ്റു ജോലികളിലും ഇവർ ഏർപ്പെടുന്നുണ്ട്. സ്ത്രീകളുടെ വീട്ടിലെ അധ്വാനം നമ്മുടെ സമ്പദ്ഘടനയുടെ ആകെ മൂല്യം കണക്കാക്കുന്ന മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഉൾപ്പെടുന്നുമില്ല.

ഗാർഹിക അധ്വാനത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുക, അവരുടെ വീട്ടുജോലിഭാരം ലഘൂകരിക്കുക എന്നിവയാണ് സ്മാർട്ട് കിച്ചൺ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായുള്ള ഗാർഹിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതുൾപ്പെടെ ഈ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.