ലക്ഷദ്വീപിന് പിന്തുണ, മുസ്‌ലീങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് എം കെ സ്റ്റാലിൻ

0
95

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനതക്ക് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

‘അഡ്മിനിസ്‌ട്രേറ്റർ ജനവിരുദ്ധനിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. ജനവിരുദ്ധ നിയമങ്ങൾ ബലപ്രയോഗത്തിലൂടെ നടപ്പാക്കാനും അവിടെ താമസിക്കുന്ന മുസ്‌ലീങ്ങളെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി എത്രയും വേഗം തിരിച്ചുവിളിക്കണം. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തി,’ സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എംഡിഎംകെ നേതാവ് വൈകോയും രംഗത്തുവന്നു. മുൻ അഡ്മിനിസ്‌ട്രേറ്റർ ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെതുടർന്ന് മരിച്ചതോടെയായാണ് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിനെ ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റർ ആയി നരേന്ദ്രമോഡി നിയോഗിച്ചത്.