കൊടകര കുഴല്‍പ്പണ ഇടപാടുകാര്‍ക്ക് താമസമൊരുക്കിയത് ബിജെപി നേതാക്കള്‍, സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

0
75

 

കൊടകര കുഴല്‍പ്പണ കേസിൽ ബിജെപി നേതാക്കളുടെ ബന്ധം വ്യക്തമാകുന്നു. ഇടപാടുകാര്‍ക്ക് തൃശൂരില്‍ താമസമൊരുക്കിയത് ബിജെപി നേതാക്കള്‍.പരാതിക്കാരന്‍ ഷംജീറിന് ഹോട്ടലില്‍ മുറി എടുത്ത് നല്‍കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പണം എത്തിച്ച ഷംജീറിന് തൃശൂര്‍ എംജി റോഡിലെ ഹോട്ടലിലാണ് മുറി എടുത്ത് നല്‍കിയത്.

അതേസമയം കേസില്‍ ബിജെപി നേതാക്കളായ ധര്‍മരാജനെയും സുനില്‍ നായിക്കിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നത്.

ഇന്നലെ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയെ ചോദ്യം ചെയ്തിരുന്നു. പരസ്പര വിരുദ്ധമായ മൊഴികളാണ് കര്‍ത്ത നല്‍കിയത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജും ഡ്രൈവര്‍ ഷംജീറും എന്തിനാണ് തുടര്‍ച്ചയായി വിളിച്ചതെന്ന ചോദ്യത്തിന് കര്‍ത്ത മറുപടി നല്‍കിയില്ല.

ധര്‍മരാജനെ ചോദ്യം ചെയ്ത ശേഷം കര്‍ത്തയെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. കവര്‍ച്ച ചെയ്യപ്പെട്ട പണം ആര്‍ക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ ബിജെപി നേതാക്കളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.