പൃഥ്വിരാജിനെതിരെ അധിക്ഷേപ ലേഖനം, പ്രതിഷേധം ശക്തമായപ്പോൾ ലേഖനം മുക്കി ജനം ടി വി

0
122

ലക്ഷദ്വീപ് വിഷയത്തിൽ ദ്വീപ് നിവാസികളെ പിന്തുണച്ച് ആദ്യം രംഗത്ത് വന്ന താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇതോടെ സംഘപരിവാർ അനുകൂലികളും ബിജെപി നേതാക്കളും പൃഥ്വിരാജിനെതിരെ കളത്തിലിറങ്ങി. കഴിഞ്ഞ ദിവസം ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പൃഥ്വിരാജിനെതിരെ ഫേസ്ബുക്കിൽ എഴുതുകയും ചെയ്തു.

ജനം ടിവിയുടെ ഓൺലൈൻ പതിപ്പിൽ വ്യക്തിഹത്യയും അധിക്ഷേപവും നിറഞ്ഞ ലേഖനം ആണ് പൃഥ്വിരാജിനെതിരെ എഴുതിയിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായപ്പോൾ ലേഖനം മുക്കി ജനം ടി വി.

‘പൃഥ്വിരാജിന്റെ കണ്ണീർ വീണ്ടും ജിഹാദികൾക്ക് വേണ്ടി’ എന്ന തലക്കെട്ടിലാണ് ജി സുരേഷ് ബാബുവിന്റെ ലേഖനം. പൃഥ്വിരാജിനെതിരെ മാത്രമല്ല, അദ്ദേഹത്തിന്റെ പിതാവായ സുകുമാരനേയും വ്യക്തിഹത്യ നടത്തുന്ന പരാമർശങ്ങളാണ് ലേഖനത്തിലുള്ളത്.

പൃഥ്വിരാജും സലീം കുമാറും ഗീതു മോഹൻദാസും റിമ കല്ലിങ്കലും ലക്ഷദ്വീപ് പ്രശ്‌നത്തിൽ രംഗത്ത് വന്നതോടെ സംഭവത്തിന് പിന്നിൽ ദേശീയ താത്പര്യമില്ലെന്ന് ഉറപ്പിച്ചു എന്നു പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും പറയുന്നുണ്ട്. ‘സുൽത്താൻ പിണറായി’ എന്നാണ് വിശേഷണം. അതോടെയാണത്രെ ദേശീയ താത്പര്യമില്ലെന്ന് ലേഖകൻ വീണ്ടും ഉറപ്പിച്ചത്.

 

ലേഖനത്തിന്റെ ഏറ്റവും ഒടുവിൽ ആണ് പൃഥ്വിരാജിനേയും പിതാവ് സുകുമാരനേയും വളരെ മോശം പരാമർശങ്ങൾ കൊണ്ട് അധിക്ഷേപിക്കുന്നത്. പൗരുഷവും തന്റേടവും ഉള്ള സുകുമാരന്റെ മകൻ എന്ന നിലയിലാണ് താനുൾപ്പെടെയുള്ള മലയാളികൾ പൃഥ്വിരാജിനെ സ്‌നേഹിക്കുന്നത് എന്നും സുകുമാരന്റെ മൂത്രത്തിൽ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം എന്നും ജനം ടിവി എഴുതിയിരിക്കുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയിൽ പൃഥ്വിരാജ് അഭിനയിക്കുന്നു എന്ന പ്രഖ്യാപനം വന്നതുമുതൽ ആണ് സംഘപരിവാർ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നത്. ആഷിക് അബുവിന്റെ വാരിയംകുന്നൻ സിനിമയുടെ പ്രഖ്യാപനത്തിന് പിറകെ വലിയ സൈബർ ആക്രമണം ആയിരുന്നു പൃഥ്വിരാജ് നേരിടേണ്ടി വന്നത്.