അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യത്തിന് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നു: മന്ത്രി വീണാ ജോർജ്

0
81

കോവിഡ് 19 മഹാമാരിക്കാലത്ത് കടന്നുവരുന്ന സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനത്തിന് (International Day of Action for Women’s Health) ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരിൽ വലിയൊരു ശതമാനം സ്ത്രീകളാണ്. കോവിഡ് പോരാട്ടത്തിൽ അവരുടെ സേവനം ഒരിക്കലും വിസ്മരിക്കാനാകില്ല.

ഡോക്ടർമാർ, നഴ്സുമാർ, ജെ.പി.എച്ച്.എൻമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, പാലിയേറ്റീവ് കെയർ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി ലക്ഷക്കണക്കിന് പേരാണ് നാടിന്റെ രക്ഷയ്ക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത്.

നാടിന്റെ സുരക്ഷയോടൊപ്പം എല്ലാവരും സ്വന്തം സുരക്ഷയും ശ്രദ്ധിക്കണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് എല്ലാവരും സുരക്ഷിതരാകണം. എല്ലാവർക്കും ഈ ദിനത്തിൽ ആശംസയും നന്ദിയും അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ദീർഘകാലമായി നിലനിൽക്കുന്ന മഹാമാരി കാരണം സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങൾ ലോകത്ത് പലയിടത്തും നിലനിൽക്കുകയാണ്. കോവിഡ് കാലത്ത് ഓഫീസിലെ ജോലിയും വീട്ടിലെ ജോലിയും വീട്ടിലിരുന്ന് ചെയ്യേണ്ടി വരുന്ന പല സ്ത്രീകളുമുണ്ട്. കോവിഡ് വ്യാപനം കാരണം പല സ്ത്രീകളും സ്ത്രീ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടാൻ വൈമുഖ്യം കാണിക്കാറുണ്ട്.

ഇത് ശാരീരികാരോഗ്യത്തെ വല്ലാതെ ബാധിക്കും. സ്ത്രീകളുടെ പോഷകാഹാരവും മാനസികാരോഗ്യവും ഏറെ ശ്രദ്ധിക്കണം. അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യത്തിന് സർക്കാർ പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സയ്ക്കായി ആശുപത്രികൾ സജ്ജമാണ്. മാനസികാരോഗ്യത്തിനും പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ദിശ 104, 1056 വഴിയും ഇ സഞ്ജീവനി വഴിയും ചികിത്സയും വിദഗ്ധോപദേശവും തേടാവുന്നതാണ്.

കോവിഡ് മഹാമാരി കാലത്ത് നമ്മുടെ ആരോഗ്യ പ്രവർത്തകരായ സ്ത്രീകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ലോകത്തെമ്പാടും മലയാളികളായ സ്ത്രീകൾ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്. വാക്സിനേഷൻ പ്രക്രിയയിൽ ഒരുതുള്ളി വാക്സിൻ പോലും പാഴാക്കാത്ത നമ്മുടെ നഴ്സുമാർ രാജ്യത്തിന്റെ അഭിമായി മാറിയിട്ടുണ്ട്.

സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും അവരുടെ സമഗ്ര പുരോഗതിക്കും വേണ്ടി 2017-18ലാണ് വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ക്ഷേമത്തിനായി നിരവധി വികസനപദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഈ കോവിഡ് കാലത്തും അവരുടെ കരുതലിനായി വനിത ശിശുവികസന വകുപ്പ് എപ്പോഴും കൂടെയുണ്ടെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

സുകുമാരന്റെ മൂത്രത്തിന്റെ പൗരുഷം അളക്കാൻ ഇറങ്ങിയ ജനം ടി വി യുടെ പണി പാളി