പ്രിയപ്പെട്ട പിപ്പി, നീ മടങ്ങുന്നത് ഒരുമിച്ചൊരു സിനിമ ചെയ്യാനുളള ആഗ്രഹം ബാക്കിവെച്ച്- കണ്ണീരോർമയായി നിഷാദിന്റെ കുറിപ്പ്

0
64

ഇന്ത്യയിലെ യുവ ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ ദിൽഷാദിന് അന്ത്യാഞ്ജലി അർപ്പിച്ചുള്ള സംവിധായകൻ എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ണീരോർമയാകുന്നു. പിപ്പി എന്ന് അറിയപ്പെടുന്ന ദിൽഷാദുമായുള്ള ആത്മബന്ധവും ഒന്നിച്ച് സിനിമയെടുക്കാനുള്ള ആഗ്രഹവും എല്ലാം ഹൃദയസ്പർശിയായാണ് നിഷാദ് ഓർത്തെടുക്കുന്നത്. സിനിമാമോഹവുമായി നടന്നകാലത്തെ കഥകളും വെളിച്ചം കാണാതെ ഉപേക്ഷിച്ച സിനിമകഥകളുമെല്ലാം നിഷാദിന്റെ കുറിപ്പിലുണ്ട്. പോസ്റ്റിന്റെ പൂർണരൂപം.

പ്രിയപ്പെട്ട പിപ്പി (ദിൽഷാദ്) യാത്രയായി. സിനിമാ മോഹം,ഉളളിൽ കൊണ്ട് നടന്ന കാലത്തെ സൗഹൃദം. ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു…നമ്മൾ..
എറണാകുളത്തെ,BTH ഹോട്ടലിന്റ്റെ,115-നമ്പർ,മുറി,എങ്ങനെ മറക്കും. എത്രയോ വെളിച്ചം കാണാത്ത സിനിമകളുടെ കഥകളാണ് നമ്മൾ അവിടെ,ഉപേക്ഷിച്ചത്. നിന്നെയും നിന്റെ സഹോദരൻ ജഹാംഗീറിന്റെയും ഹൈലൈറ്റ് സ്റ്റുഡിയോയും എനിക്കെങ്ങനെ മറക്കാൻ കഴിയും ?
ഒരുമിച്ചൊരു സിനിമ ചെയ്യാനുളള ആഗ്രഹം ബാക്കി വെച്ചു കൊണ്ട് നീ മടങ്ങി. ബോളീവുഡിൽ സ്വന്തമായൊരു സൗഹൃദവലയം നീ തീർത്തു. എത്രയോ മഹാരഥന്മാരായ സംവിധായകരോടൊപ്പം നീ പ്രവർത്തിച്ചു. അവരുടെയെല്ലാം പ്രിയങ്കരനുമായി… അങ്ങനെയാണെല്ലോ എന്നും നീ…
നിന്റ്റെ ഗുരുനാഥന്മാരായ പ്രശസ്ത ബോളിവുഡ് സംവിധായകരായ,അബ്ബാസ്-മസ്താൻ, അവരുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ നിന്റ്റെ വേർപാട് എങ്ങനെ സഹിക്കും. നിന്റ്റെ,തിരക്കുകൾക്കിടയിൽ നിന്നും എന്റ്റെ വിവാഹത്തിന് ഓടിയെത്തി ചിത്രങ്ങൾ എടുത്തതൊന്നും മറവിയുടെ ചാരം കൊണ്ട് മൂടുവാൻ കഴിയില്ലല്ലൊ…
കോവിഡ് എന്ന മഹാമാരി പ്രിയ സ്നേഹിത, നിന്നെയും കൊണ്ട് പോയി…നിന്റ്റെ കബറിൽ ഒരു പിടി മണ്ണിടാൻ കഴിയില്ലെങ്കിലും എന്റ്റെ
ഹൃദയത്തിലെ തീരാവേദനകളിൽ നിനക്കെന്റ്റെ കണ്ണുനീരിൽ കുതിർന്ന,ആദരാഞ്ജലികൾ !!!