Thursday
18 December 2025
24.8 C
Kerala
HomeKeralaയാസ് ഒഡീഷ തീരത്തേക്ക്; കേരളത്തിൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

യാസ് ഒഡീഷ തീരത്തേക്ക്; കേരളത്തിൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

 

ബംഗാൾ ഉൾക്കടലിൽ രൂപെ കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് രാവിലെ എട്ടിനും പത്തിനുമിടയിലായി ഒഡീഷ തീരം തൊടും. അതിതീവ്ര ചുഴലിക്കാറ്റ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന യാസ് മണിക്കൂറിൽ 290 കിലോമീറ്റർ വരെ വേഗത കൈവരിക്കും. ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളായ ബംഗാളിലും ഒഡീഷയിലും അതീവ ജാഗ്രത നിർദേശമാണുള്ളത്.

അപകട സാധ്യത മുൻകൂട്ടി കണ്ട് സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിൽനിന്ന് 10 ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. അയൽസംസ്ഥാനമായ ജാർഖണ്ഡിലും അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കം പൂർത്തിയായി. ഒൻപത് ലക്ഷം പേരെ ബംഗാളിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.

തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചുവെന്ന് ഒഡീഷ സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെയോടെ ഒഡിഷയിലെ ഭദ്രാക്ക് ജില്ലയിലെ ധർമ പോർട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റ് കരതൊടുന്നതിന് ആറ് മണിക്കൂർ മുമ്പും ശേഷവും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കാനാണ് സാധ്യതയുള്ളത്.ഒഡിഷയിൽ ഭദ്രക് ജില്ലയിലെ ധർമ തുറമുഖത്തിന് സമീപം ബുധനാഴ്ച രാവിലെ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു. ഇവിടെനിന്നാണ് കൂടുതൽ പേരെ മാറ്റിയത്. ബുധനാഴ്ച രാവിലെ ഭദ്രാക്ക് ജില്ലയിലെ ധാമ്ര തുറമുഖത്തിന് സമീപം യാസ് നിലംതൊട്ടേക്കുമെന്നാണ് റിപ്പോർട്ട്.

അപകട സാധ്യതയുള്ള സംസ്ഥാനങ്ങളിൽ രക്ഷാപ്രവർത്തനവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ 74,000ത്തിലധികം ഓഫീസർമാരെയും ജീവനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും സംസ്ഥാനത്ത് ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കരസേനയുടെ സഹായവും തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലായി ദേശീയ ദുരന്തനിവാരണ സേനയുടെ 115 സംഘത്തെ നിയോഗിച്ചു.

ആന്ധ്രപ്രദേശിൽ മൂന്ന് ജില്ലയിൽ അതീവജാഗ്രത. പല സംസ്ഥാനങ്ങളിലും നല്ല മഴ പെയ്യാൻ സാധ്യത. കോവിഡ് പശ്ചാത്തലത്തിൽ ആശുപത്രികളിലും മറ്റും മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകി. യാസ് ബുധനാഴ്ച ഒഡിഷ തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ യാസ് ചുഴലിക്കാറ്റിന്റെ ഫലമായി ഒറ്റപ്പെട്ട കനത്തമഴ പ്രതീക്ഷിക്കുന്ന ജില്ലകളിൽ യെല്ലോ അലേർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്. കോഴിക്കോട് തുടങ്ങിയ ജില്ലകൾക്കാണ് മഞ്ഞ ജാഗ്രത നൽകിയത്.

RELATED ARTICLES

Most Popular

Recent Comments