Sunday
11 January 2026
24.8 C
Kerala
HomeKeralaഇ-സഞ്ജീവനിയിൽ കൂടുതൽ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങൾ , എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ഇ-സഞ്ജീവനിയിൽ കൂടുതൽ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങൾ , എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

 

 

 

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇസഞ്ജീവനി സേവനങ്ങൾ കൂടുതൽ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങൾ ഉൾപെടുത്തി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.

കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്നതാണ് ഇ സഞ്ജീവനി. ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടിയത്. പ്രതിദിനം ചികിത്സ തേടുന്ന രോഗികളുടെ എണ്ണം 2,000ത്തിന് മുകളിലായിട്ടുണ്ട്.

ഇപ്പോൾ സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. മുമ്പ് കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ നേരിട്ട് പോയി തുടർചികിത്സ നടത്തുന്നവർക്കും ടെലി മെഡിസിൻ സേവനം ഉപയോഗിക്കാവുന്നതാണ്. കോവിഡ് ഒപി സേവനം 24 മണിക്കൂറും ലഭ്യമാണ്. ഈ സേവനങ്ങൾ എല്ലാവരും പരമാവധി ഉപയോഗിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

നെഞ്ചുരോഗ/ ശ്വാസകോശ രോഗം, ത്വക്ക് രോഗം, ഇ.എൻ.ടി, പാലിയേറ്റീവ് കെയർ, ദന്തരോഗം എന്നീ വിഭാഗങ്ങളുടെ ഒപികൾ എല്ലാ ദിവസവും രാവിലെ 9 മുതൽ ഒരു മണി വരെയുണ്ടാകും. നേത്രരോഗ വിഭാഗം, ഹീമോഫീലിയ എന്നീ വിഭാഗങ്ങളിലെ ഒപികൾ തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഒരു മണി വരെയാണ്.

അസ്ഥിരോഗ വിഭാഗം ഒപി ഞായർ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും, കാർഡിയോളജി ഒപി വെള്ളിയാഴ്ച 9 മുതൽ ഒരു മണി വരെയും, പി.എം.ആർ ഒപി ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ 6 വരെയും പ്രവർത്തിക്കും. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഒരു മണിവരെ വിവിധ പ്രത്യേക ഒപികളും ആരംഭിച്ചിട്ടുണ്ട്.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കിൽ ടാബ് ഉണ്ടങ്കിൽ esanjeevaniopd.in എന്ന സൈറ്റിൽ പ്രവേശിക്കാം.

ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക.

തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും തുടർന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങൾക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments