സംഘടനാ ദൗർബല്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു : സമിതിക്ക് മുന്നിൽ ചെന്നിത്തല

0
65

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം വിശദമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അശോക് ചവാൻ സമിതിക്ക് മുന്നിൽ ആണ് രമേശ് ചെന്നിത്തല വിശദീകരണം നൽകിയത്.

കൊവിഡും സംഘടനാ ദൗർബല്യവുമാണ് തെരഞ്ഞെടുപ്പിലെ തോൽവിയുടെ പ്രധാന കാരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരാജയത്തിന്റ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം സമിതിക്ക് മുമ്പിൽ വ്യക്തമാക്കി.

കൊവിഡ് മൂലം സർക്കാരിന് എതിരായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആയില്ല.സംഘടനാ ദൗർബല്യം മൂലം താഴെ തലത്തിലുള്ള പ്രവർത്തനം മികച്ചതായിരുന്നില്ല. ബൂത്ത് കമ്മിറ്റികൾ പലതും നിർജ്ജീവമാണ്. സ്ലിപ് പോലും വീടുകളിൽ എത്തിക്കാൻ ആയില്ല.

അമിത് ഷായുടെ സിഎഎ പ്രസ്താവനയെത്തുടർന്ന് കേന്ദ്രത്തിൽ ഭരണം ഇല്ലാത്ത കോൺഗ്രെസ്സിനെക്കാൾ എൽഡിഎഫിന് അനുകൂല ന്യൂനപക്ഷ വികാരം ഉണ്ടായി. മുസ്ലിം വോട്ടുകൾ ഇടതു പക്ഷത്തേക് മറിഞ്ഞു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലാ ഘടകങ്ങൾക്കുൾപ്പടെ പ്രധാന പങ്കുണ്ടെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ എഐസിസിക്ക് നൽകിയ റിപ്പോർട്ടിലെ വിലയിരുത്തൽ. അഴിച്ചുപണി താഴേത്തട്ട് മുതൽ വേണമെന്ന ശുപാർശയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. ഈ റിപ്പോർട്ടിന്മേലാണ് ഡിസിസികൾ പുനസംഘടിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എഐസിസി എത്തിയത്.

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പരിശോധിക്കുന്നതിനും ജില്ലാ ഘടകങ്ങളുടെ വീഴ്ച വിലയിരുത്തുന്നതിനും അശോക് ചവാൻ അധ്യക്ഷനായ സമിതിയെ എഐസിസി നിയോഗിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ ഡിസിസികളും പുന:സംഘടിപ്പിക്കാനാണ് എഐസിസിയുടെ തീരുമാനം. മുഴുവൻ ഡിസിസി പ്രസിഡന്റുമാരെയും മാറ്റും. ഒഴിയാൻ സന്നദ്ധത അറിയിച്ചവരോട് തൽക്കാലം തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്.