കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ വൻതോതിൽ ശേഖരിച്ചു സൂക്ഷിച്ചെന്ന ആരോപണത്തിൽ ഗൗതം ഗംഭീർ എംപിക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ഡ്രഗ് കൺട്രോളർ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
ആംആദ്മി പാർട്ടി എംഎൽഎമാരായ പ്രീതി തോമർ, പ്രവീൺ കുമാർ എന്നിവർ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി സൂക്ഷിച്ചതും ഹൈക്കോടതി അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുന്നുകൾ ശേഖരിച്ചതും വിതരണം ചെയ്തതും നല്ല ഉദ്ദേശത്തോടെയായിരിക്കാം. എന്നാൽ, പൊതുജനങ്ങൾ മരുന്നു ദൗർലഭ്യത്തിൽ ആകുലപ്പെടുന്നതിനിടെ മരുന്നുകൾ വ്യാപകമായി വാങ്ങിക്കൂട്ടിവച്ച എംപിയുടെ നടപടി നിരുത്തരവാദപരമാണെന്നു ജസ്റ്റീസുമാരായ വിപിൻ സാംഘി, രേഖ പള്ളി എന്നിവരുടെ ബെഞ്ച് കുറ്റപ്പെടുത്തി.
കോവിഡ് രൂക്ഷമായ സന്ദർഭത്തിൽ ജീവൻരക്ഷാ മരുന്നുകളും വിപണിയിൽ ക്ഷാമം നേരിട്ട മരുന്നുകളും അടക്കം 19ഓളം മരുന്നുകൾ ശേഖരിച്ച് സൂക്ഷിക്കുകയും അനുമതിയില്ലാതെ വിതരണം ചെയ്ത സംഭവത്തിലാണ് അന്വേഷണം. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിരാഗ് ഗുപ്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.