കുറച്ച്‌ വാഹനങ്ങള്‍ മാത്രമുള്ള ദ്വീപില്‍ എന്തിന് വീടുകള്‍ തകര്‍ത്തുള്ള വലിയ റോഡുകള്‍?’ ലക്ഷദ്വീപിന് പിന്തുണയുമായി സി കെ വിനീത്

0
67

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പിന്തുണയുമായി ഫുട്ബോള്‍ താരം സി കെ വിനീത്. എന്താണ് ലക്ഷദ്വീപില്‍ സംഭവിക്കുന്നതെന്ന് യഥാര്‍ഥത്തില്‍ ആരെങ്കിലും അറിയുമോയെന്ന് ചോദിച്ചാണ് വിനീതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താന്‍ കണ്ടതില്‍ വച്ച്‌ ഏറ്റവും സുന്ദരമായ സ്ഥലമാണ് ലക്ഷദ്വീപ്. ദിനേശ്വര്‍ ശര്‍മയുടെ പെട്ടെന്നുണ്ടായ മരണത്തോടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി മോഡി സര്‍ക്കാര്‍ പ്രഫുല്‍ പട്ടേലിനെ നിയമിച്ചു. ഇതോടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഒന്നിനുപിറകെ ഒന്നായി പ്രശ്‌നങ്ങളായി. ആദ്യം തന്നെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് വലിയ വിലകല്‍പ്പിക്കാതെയാണ് അദ്ദേഹം എത്തിയത്. പിന്നീടങ്ങോട്ട് സ്‌കൂള്‍ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കുകയും മത്സ്യത്തൊഴിലാളികളുടെ ഷെഡുക്കള്‍ വ്യാപകമായി തകര്‍ക്കുകയും ചെയ്തു. കുറച്ച്‌ മാത്രം വാഹനങ്ങളുള്ള നഗരത്തില്‍ നിരവധി വീടുകള്‍ തകര്‍ത്ത് റോഡുണ്ടാക്കാന്‍ പോവുകയാണ്.
ജയിലുകള്‍ കാലിയായ, കുറച്ച്‌ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന പൊലിസ് സ്റ്റേഷനുകളുള്ള ലക്ഷദ്വീപില്‍ ഗുണ്ടാആക്‌ട് നടപ്പാക്കാന്‍ ശ്രമിക്കുന്നു. ജനങ്ങളെയാകെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം അധികാരികളുടെ മനസ് എത്തരത്തിലുള്ളതാണെന്നും വിനീത് പോസ്റ്റിൽ ചോദിച്ചു.