16 തൊഴിലാളുകളുമായി ബേപ്പൂരിൽ നിന്ന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല

0
57

16 തൊഴിലാളുകളുമായി ബേപ്പൂരിൽ നിന്ന് മെയ് 5ന് പോയ മത്സ്യബന്ധന ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. കോസ്റ്റ് ഗാർഡിനൊപ്പം നാവിക സേന കൂടി തെരച്ചിൽ നടത്തണമെന്നാവശ്യപ്പെട്ട് സർക്കാരിനും പൊലീസിനും ബോട്ടുടമകൾ പരാതി നൽകിയിട്ടുണ്ട്.

ബേപ്പൂരിൽ നിന്ന് പോയ അജ്മീർഷാ എന്ന ബോട്ടാണ് തിരികെ എത്താത്തത്. ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോയ ബോട്ടുകളെല്ലാം തിരികെ വന്നിരുന്നു. കടൽക്ഷോഭത്തിൽ പെട്ടുപോയവരെ കോസ്റ്റ് ഗാർഡാണ് കരയിലെത്തിച്ചത്. അജ്മീർഷാ ബോട്ട് തിരിച്ചുവരാത്തതിൽ ആശങ്കയിലാണ് കുടുംബങ്ങൾ. ബോട്ടിനുള്ളിലെ വെള്ളവും ഭക്ഷണവും തീർന്നുകാണുമെന്നാണ് ഉടമകൾ പറയുന്നത്. മുംബൈ ഭാഗത്തെ പുറംകടലിൽ തെരച്ചിൽ നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള പന്ത്രണ്ട് പേരും ബംഗാളിൽ നിന്നുള്ള നാല് പേരുമാണ് കാണാതായ ബോട്ടിലുള്ളത്.

ഇതിനിടയിൽ ബോട്ട് കണ്ടെത്തിയെന്ന് തീരദേശ സംരക്ഷണ സേനയ്ക്ക് കോസ്റ്റ് ഗാർഡിൽ നിന്ന് തെറ്റായ സന്ദേശം ലഭിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.