തീവണ്ടിയുടെ ജനറൽ കോച്ചുകളെല്ലാം ഒരുഭാഗത്തു ക്രമീകരിക്കാൻ നിർദ്ദേശം

0
53

കൊച്ചി:ദക്ഷിണ റെയിൽവേയിൽ ജനറൽ കോച്ചുകളെല്ലാം തീവണ്ടിയുടെ ഒരുഭാഗത്തു മാത്രമായി ക്രമീകരിക്കാൻ തീരുമാനം. ലോക്ഡൗണിനെത്തുടർന്ന് റദ്ദാക്കിയ 42 എക്സ്പ്രസ്-സൂപ്പർഫാസ്റ്റ് വണ്ടികളുടെ ജനറൽ കോച്ചുകളാണ് ഒരുഭാഗത്തേക്കു മാറ്റുന്നത്. ഈ വണ്ടികളെല്ലാം മേയ് 31 വരെയോ ജൂൺ ഒന്നുവരെയോ ആണ് റദ്ദാക്കിയിരിക്കുന്നത്. സർവീസ് വീണ്ടും തുടങ്ങുംമുമ്പ് ക്രമീകരണം പൂർത്തിയാക്കാനാണു നിർദേശം. ഇതിനുശേഷം ബാക്കി വണ്ടികളിലെയും ജനറൽകോച്ചുകൾ സമാനമായി മാറ്റുമെന്നാണു സൂചന.

ദക്ഷിണറെയിൽവേക്കു കീഴിൽ രാത്രിയിലും ഓടുന്ന വണ്ടികളിലാണ് പുതിയരീതി നടപ്പാക്കുന്നത്. മലബാർ, അമൃത, രാജ്യറാണി, ഗുരുവായൂർ, പാലരുവി, കോർബ തീവണ്ടികളുൾപ്പെടെ ഇനി സർവീസ് തുടങ്ങുക ഇങ്ങനെയായിരിക്കും. വണ്ടി ഏതു ഡിവിഷന്റെ കീഴിലാണോ ആ ഡിവിഷനിൽനിന്നു പുറപ്പെടുമ്പോൾ പിൻഭാഗത്തായിരിക്കും ജനറൽ കോച്ചുകളുണ്ടാവുക. തിരികെയെത്തുമ്പോൾ ഇവ മുൻഭാഗത്തായിരിക്കും. മാറ്റത്തിനുള്ള കാരണങ്ങൾ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.

നിലവിൽ ജനറൽ കോച്ചുകൾ തീവണ്ടിയുടെ മുന്നിലും പിന്നിലുമായാണ് ക്രമീകരിക്കുന്നത്. മുന്നിലെ കോച്ചുകളിൽ ഇടംകിട്ടിയില്ലെങ്കിൽ യാത്രക്കാർ പിന്നിലെ കോച്ചുകളിലേക്ക്് ഓടേണ്ട അവസ്ഥയാണ്. ഭൂരിഭാഗം വണ്ടികളും സ്റ്റേഷനുകളിൽ രണ്ടുമിനിറ്റ് മാത്രമാണ് നിർത്തുക. ഈ സമയത്തിനുള്ളിൽ ഓട്ടപ്പാച്ചിൽ നടത്തി കയറുക സാഹസമാണ്. പുതിയ ക്രമീകരണത്തിൽ ഇതൊഴിവാകും.

എന്നാലിത് സ്ത്രീയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുയർത്തുന്നുണ്ട്. പ്ലാറ്റ്‌ഫോമുകൾക്ക് നീളക്കുറവുള്ള സ്റ്റേഷനുകളിൽ ജനറൽ കോച്ചുകൾ പിൻഭാഗത്താകുമ്പോൾ പ്ലാറ്റ്‌ഫോമുകൾക്ക് പുറത്തായിരിക്കും ഇറങ്ങേണ്ടിവരിക. ഇത് രാത്രിയിൽ സ്ത്രീകൾക്ക് ദുരിതമാകും.