തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: രമേശ് ചെന്നിത്തല

0
75

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രമേശ് ചെന്നിത്തല. കോൺ​ഗ്രസ് പാർലമെന്ററി പാര്‍ട്ടി യോ​ഗത്തിൽ ആണ് രമേശ് ചെന്നിത്തല പരാജയ ഉത്തരവാദിത്വം ഏറ്റെടുത്തത്.

ഓരോ പരാജയങ്ങളും പുതിയ പുതിയ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുകയാണ് വേണ്ടത്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരികെ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ മുന്നില്‍ത്തന്നെ ഉണ്ടാകും. പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ചു നില്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷനേതാവ് എന്ന നിലയില്‍ സര്‍ക്കാരിന്റെ അഴിമതിയും കൊള്ളരുതായ്മയും തുറന്നുകാട്ടാന്‍ സാധിച്ചു എന്നാണ് തന്റെ വിശ്വാസം. വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷം കൊണ്ടുവന്ന ശക്തമായ നിരവധി ആരോപണങ്ങളുടെ പേരിൽ സര്‍ക്കാരിന് തീരുമാനങ്ങൾ തിരുത്തുകയും പിന്നോക്കം പോകേണ്ടി വരുകയും ചെയ്യുന്ന കാഴ്ച നാം കണ്ടതാണ്. ഇക്കാര്യങ്ങളെല്ലാം എത്രമാത്രം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്.

നിയമസഭയ്ക്ക് അകത്തും പുറത്തും തന്റെ നിലപാടുകളും അഴിമതി ആരോപണങ്ങളും ജനം വിലയിരുത്തട്ടെ. 55 ശതമാനത്തോളം യുവാക്കള്‍ക്ക് സീറ്റു നല്‍കിയിട്ടും മൂന്ന് പേർ മാത്രമാണു ജയിച്ചത് എന്നതും വിലയിരുത്തപ്പെടേണ്ട കാര്യമാണ്.

2001 മുതല്‍ നിയമസഭയ്ക്കകത്ത് വി.ഡി. സതീശന്റെ മികവാര്‍ന്ന പ്രവര്‍ത്തനം പ്രതിപക്ഷനേതാവ് എന്ന നിലയില്‍ മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 35 വര്‍ഷത്തോളം സ്വന്തം അനുജനെ പോലെ ഏറെ ആത്മബന്ധമുള്ള വ്യക്തിയാണ് സതീശൻ. ഈ പദവിയില്‍ ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.