ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ഉയരണം: എ വിജയരാഘവൻ

0
74

 

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ ശക്തിയായ പ്രതിഷേധം ഉയർന്നുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.

തീരദേശ സംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യജീവനക്കാരുടെ ഷെഡ്ഡുകളെല്ലാം പൊളിച്ചു മാറ്റുകയും, ടൂറിസം വകുപ്പിൽ നിന്ന് കാരണമില്ലാതെ 190 ജീവനക്കാരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. ഗവൺമെന്റ് സർവ്വീസിലെ തദ്ദേശീയരായ മുഴുവൻ താത്ക്കാലിക ജീവനക്കാരേയും അഡ്മിനിസ്‌ട്രേറ്റർ ഒഴിവാക്കി.

അംഗനവാടികൾ അടച്ചുപൂട്ടി, 90% മുസ്ലീംങ്ങളുള്ള മദ്യഉപയോഗം തീരെയില്ലാത്ത ലക്ഷദ്വീപിൽ ടൂറിസത്തിന്റെ പേരുപറഞ്ഞ് ആദ്യമായി മദ്യശാലകൾ തുറക്കുകയും, സ്‌കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കുകയും, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് 2 കുട്ടികളിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്ന നിയമം കൊണ്ടുവരികയും ചെയ്തു. സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീന ശ്രമമാണ് നടക്കുന്നത്.

ജില്ലാ പഞ്ചായത്തിന് കീഴിലുണ്ടായിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളിൽ ജനാധിപത്യവിരുദ്ധമായ ഇടപെടൽ നടത്തി അധികാരം കവർന്നെടുക്കുകയും ചെയ്യുന്നു.

സി.എ.എ/എൻ.ആർ.സിയ്‌ക്കെതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ മുഴുവൻ ലക്ഷദ്വീപിൽ നിന്നെടുത്ത് മാറ്റുകയും, ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയും ചെയ്യുന്നു. ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത ജയിലുകളും പോലീസ്‌സ്റ്റേഷനുമെല്ലാം ഒഴിഞ്ഞു കിടക്കുന്ന മാതൃകാപ്രദേശമായ ലക്ഷദ്വീപിൽ അനാവശ്യമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി.

ലക്ഷദ്വീപിന് ഏറ്റവും അധികം ബന്ധമുണ്ടായിരുന്ന ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം വിച്ഛേദിക്കാനും, ഇനിമുതൽ ചരക്ക് നീക്കവും മറ്റും ബി.ജെ.പി ഭരിക്കുന്ന കർണാടകത്തിലെ മംഗലാപുരം തുറമുഖം വഴിയാകണമെന്ന് നിർബന്ധിക്കാനും തുടങ്ങി. ലക്ഷദ്വീപുകാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽവരെ ഭരണകൂട കൈകടത്തൽ ഉണ്ടാകുന്നു. ഭരണനിർവ്വഹണ സംവിധാനങ്ങളിൽ നിന്ന് ദ്വീപ് നിവാസികളെ തുടച്ചു നീക്കിക്കൊണ്ടുള്ള ഏകാധിപത്യ നീക്കമാണ് അഡ്മിനിസ്‌ട്രേറ്റർ നടത്തുന്നത്.

മാത്രമല്ല എൽ.ഡി.എ.ആർ വഴി ലക്ഷദ്വീപിലെ ഭൂസ്വത്തുക്കളുടെ മേലുള്ള ദ്വീപുവാസികളുടെ അവകാശം ഇല്ലാതാക്കാനുമുള്ള നടപടി ആരംഭിച്ചു. മാത്രമല്ല ഈ മഹാമാരി കാലത്ത് മറൈൻ വൈൽഡ് ലൈഫ് വാച്ചേഴ്‌സിനെ കാരണമില്ലാതെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.

ഈ വിധത്തിലുള്ള നടപടികൾ സ്വീകരിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് എ.വിജയരാഘവൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.