എ രാജ തമിഴിൽ, എ കെ എം അഷ്റഫ് കന്നഡയിൽ, സഭ വിശേഷങ്ങൾ ഇങ്ങനെ

0
60

 

പതിനഞ്ചാം നിയമസഭയിലെ സാമാജികരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ഭാഷ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. ബഹുഭൂരിഭാഗം പേരും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ മറ്റുള്ളവർ ദൈവനാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്.

ദേവികുളം മണ്ഡലത്തിൽനിന്നും വിജയിച്ച സിപിഐ എം അംഗം അഡ്വ. എ രാജ തമിഴിലാണ് സത്യവാചകം ചൊല്ലിയത്. അതേസമയം സംസ്ഥാനത്തിന്റെ വടക്കൻ അതിര്തിയായ് മാനേശ്വരം മണ്ഡലത്തിലെ എംഎൽഎ എ കെ എം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്‌തത് കന്നഡയിലും.

ഏറെ കൗതുകത്തോടെയാണ് അംഗങ്ങൾ ഇരുവരുടെയും സത്യപ്രതിജ്ഞ കേട്ടത്. മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനും പാലാ എംഎൽഎ മാണി സി കാപ്പനും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്. അക്ഷരമാല ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ എടുത്തത്.

ആദ്യം ലീഗിലെ അബ്ദുൽഹമീദും ഏറ്റവുമൊടുവിൽ വടക്കാഞ്ചേരി എംഎൽഎ സിപിഐ എമ്മിലെ സേവ്യർ ചിറ്റിലപ്പള്ളിയുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സഭയിലെ 53 അംഗങ്ങൾ പുതുമുഖങ്ങളാണ്. പ്രോ ടെം സ്പീക്കർ പി ടി എ റഹീമായിരുന്നു ചെയറിൽ.