എൻ- 95 മാസ്ക് ഒറ്റത്തവണ ഉപയോഗിക്കുക, മാസ്‌കുകൾ സുരക്ഷിതവുമായ രീതിയിലേ ഉപയോഗിക്കാവൂ: മുഖ്യമന്ത്രി

0
66

മാസ്‌ക്കുകളുടെ ഉപയോഗം കോവിഡ് രോഗവ്യാപനം തടയാൻ ഏറ്റവും ഉപകാരപ്രദമായ പ്രതിരോധ മാർഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിനെ മാത്രമല്ല, വായു വഴി പകരുന്ന മറ്റു സാംക്രമിക രോഗങ്ങളെ തടയാനും മാസ്‌ക്കുകൾ സഹായകമാണ്.

മാസ്‌കുകളുടെ അശാസ്ത്രീയമായ ഉപയോഗം രോഗങ്ങൾ പിടിപെടാനും കാരണമാകുമെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തുണി കൊണ്ടുള്ള മാസ്‌കുകൾ ഉപയോഗിക്കുമ്പോൾ അവ ഉപയോഗശേഷം നന്നായി കഴുകി വെയിലിൽ ഉണക്കണം. മഴക്കാലത്താണെങ്കിൽ ഉണങ്ങിയാലും ഈർപ്പം മുഴുവനായി കളയാൻ ഇസ്തിരിപ്പെട്ടി ഉപയോഗിച്ചു തന്നെ ഉണക്കണം. സർജിക്കൽ മാസ്‌ക്കുകൾ ഒരു തവണ മാത്രം ഉപയോഗിക്കാനുള്ളതാണ്. 6 മുതൽ 8 മണിക്കൂർ വരെയാണ് പരമാവധി ഉപയോഗിക്കാൻ കഴിയുക.

എൻ 95 മാസ്‌കുകളും ഒരു തവണ മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമമായിട്ടുള്ളത്. എങ്കിലും വില കണക്കിലെടുത്തുകൊണ്ട് കൂടുതൽ തവണ എൻ 95 മാസ്‌കുകൾ ഉപയോഗിക്കുന്നതിനുള്ള ശാസ്ത്രീയമായ രീതി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നിർദ്ദേശിച്ചിട്ടുണ്ട്.

എൻ95 മാസ്‌ക്കുകൾ വാങ്ങുമ്പോൾ 5 മാസ്‌ക്കുകൾ എങ്കിലും ഒരുമിച്ചു വാങ്ങുകയും ഒരു തവണത്തെ ഉപയോഗത്തിനു ശേഷം മലിനമായിട്ടില്ലെങ്കിൽ ആ മാസ്‌ക്ക് ഒരു പേപ്പർ കവറിൽ സൂക്ഷിക്കുകയും ചെയ്യണം.

മറ്റു നാലു മാസ്‌കുകൾ കൂടി ഉപയോഗിച്ച് ഇതേ പോലെ സൂക്ഷിച്ചതിനു ശേഷം, ആറാമത്തെ ദിവസം ആദ്യ ദിവസമുപയോഗിച്ച മാസ്‌ക് വീണ്ടും ഉപയോഗിക്കാം. ഈ വിധം പരമാവധി മൂന്നു തവണ ഒരു മാസ്‌കുപയോഗിക്കാം. അതിൽ കൂടുതൽ തവണയോ തുടർച്ചയായോ എൻ95 മാസ്‌കുകൾ ഉപയോഗിക്കാൻ പാടില്ല.

മാസ്‌കുകൾ ഇത്തരത്തിൽ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയിൽ വേണം ഉപയോഗിക്കാൻ. മാസ്‌കുകൾ ഉപയോഗിക്കുന്നതും ബ്‌ളാക് ഫംഗസ് രോഗവും തമ്മിൽ ബന്ധപ്പെടുത്തിക്കൊണ്ട് അശാസ്ത്രീയമായ സന്ദേശങ്ങൾ പരക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

യഥാർഥത്തിൽ ബ്‌ളാക് ഫംഗസ് ഉൾപ്പെടെയുള്ള രോഗങ്ങളെ തടയാൻ ശരിയായ രീതിയിൽ മാസ്‌കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. അതുകൊണ്ട് മാസ്‌കുകൾ കൃത്യമായി ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.