കസ്റ്റഡിയിലെടുത്ത ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച സംഭവത്തിൽ എസ്ഐയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. കർണാടകത്തിലെ ചിക്മഗളൂരു ഗോനിബീഡ് സ്റ്റേഷനിലെ എസ്ഐ അർജുനെയാണ് സസ്‌പെൻഡ് ചെയ്തത്. യുവാവിന്റെ പരാതിയിൽ എസ്‌ഐക്കെതിരെ കേസുമെടുത്തിട്ടുണ്ട്. പട്ടികജാതി പീഡന നിരോധന നിയമമടക്കം ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. മര്‍ദ്ദിക്കുക, അധിക്ഷേപിക്കുക, ചെയ്യാത്ത കുറ്റങ്ങള്‍ ചുമത്തുക എന്നീ വകുപ്പുകളും പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയാണ് ആരോപണ വിധേയനായ എസ്‌ഐ അര്‍ജുനെതിരെ കേസെടുത്തിരിക്കുന്നത്. എസ്ഐ അര്‍ജുനെ നേരത്തെ ഉഡുപ്പിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ചിക്കമഗളൂരു ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. മെയ് 10ന് ഗോനിബിഡു പൊലീസ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാട്ടുകാരുടെ വാക്കാലുള്ള പരാതിയിൽ കസ്റ്റഡിയിലെടുത്ത പുനീത് എന്ന ദളിത് യുവാവിനെയാണ് ലോക്കപ്പിൽ വെച്ച് മൂത്രം കുടിപ്പിച്ചത്.