കോവിഡ് വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്നും ചോർന്നതാണെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പുതിയ റിപ്പോർട്ട്. യുഎസ് അന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന് മുമ്പേ 2019 നവംബറിൽ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകർ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് റിപ്പോർട്ട്. എത്ര ഗവേഷകരാണ് അസുഖബാധിതരായത്, അസുഖബാധിതരായ സമയം, ഇവരുടെ ആശുപത്രി സന്ദർശനം എന്നീ കാര്യങ്ങളെല്ലാം ഈ അന്വേഷണ റിപ്പോർട്ടിലുണ്ട്.
അതേസമയം, വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനോട് അമേരിക്കൻ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൊവിഡ് 19 വ്യാപനത്തെ കുറിച്ച് ചൈന ലോകത്തിന് മുന്നറിയിപ്പ് നൽകുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഗവേഷകർ ആശുപത്രിയിൽ ചികിത്സ തേടിയത്. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ചുളള അന്വേഷണത്തിന്റെ അടുത്ത ഘട്ടം ചർച്ച ചെയ്യുന്നതിനായി ലോകാരോഗ്യ സംഘടനയുടെ അടുത്ത യോഗം നടക്കാനിരിക്കുന്നതിനിടയിലാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് സംബന്ധിച്ച് ദേശീയ സുരക്ഷാകൗൺസിൽ വക്താവ് പരാമർശമൊന്നും നടത്തിയില്ലെങ്കിലും കൊവിഡ് 19 മഹാമാരിയുടെ ആദ്യദിവസങ്ങൾ സംബന്ധിച്ചും വൈറസിന്റെ ഉത്ഭവത്തെ കുറിച്ചും ബൈഡൻ ഭരണകൂടത്തിന് നിരവധി ചോദ്യങ്ങളുണ്ടെന്ന് അവർ വ്യക്തമാക്കി.
വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബിൽ നിന്നാണെന്നുളള അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോർട്ടിലെ തെളിവുകളെന്നും അതിനാൽ ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പേരുവെളിപ്പെടുത്താത്ത ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞതായും ജേണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.