സംഘപരിവാര്‍ സംഘടനകള്‍ക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്നത് വിഭാഗീയത സൃഷ്ടിക്കാന്‍: ജോണ്‍ ബ്രിട്ടാസ്

0
62

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് വികസിപ്പിച്ച ആയുഷ്-64 എന്ന ആയുര്‍വേദ മരുന്ന് വിതരണം ചെയ്യാനുള്ള ചുമതല സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഏല്‍പ്പിച്ച നടപടിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപി.

സര്‍ക്കാര്‍ കാര്യങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കടുത്ത കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ പരമ പ്രധാനമായി വേണ്ടത് ഐക്യമാണ്.

കോവിഡ് പ്രതിരോധത്തില്‍ ഗുരുതരമായ പിഴവ് കാട്ടിയ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ സമീപനങ്ങളിലും വിഭാഗീയതയാണ് സൃഷ്ടിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.

 

ജോണ്‍ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേന്ദ്ര സര്‍ക്കാരിന്റെ പിന്നിലെയും മുന്നിലെയും ചാലകശക്തി ആര്‍എസ്എസ് ആണ്. എന്നാല്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ പരിവാര്‍ സംഘടനകള്‍ക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല.

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് വികസിപ്പിച്ച (CCRAS) ആയുഷ്-64 എന്ന ആയുര്‍വേദ മരുന്ന് വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ആര്‍എസ്എസ് പോഷകസംഘടനയായ സേവാ ഭാരതിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

മലേറിയക്ക് വേണ്ടി വികസിപ്പിച്ച ആയുര്‍വേദ കൂട്ടാണ് ഇതെങ്കിലും പ്രകടമായ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് നല്‍കാമെന്നാണ് ആയുഷിന്റെ തീരുമാനം.

 

 

 

സേവാഭാരതി പ്രവര്‍ത്തകര്‍ അങ്ങനെ വീടുതോറും കയറി ഈ മരുന്ന് വിതരണം ചെയ്യും. അതിനായി അവര്‍ക്ക് പ്രത്യേക പാസ് നല്‍കണമെന്നാണ് ബന്ധപ്പെട്ട പ്രാദേശിക ഏജന്‍സികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആര്‍എസ്എസിന്റെ മൂന്നാമത്തെ സര്‍സംഘചാലക് ആയ ദേവറസ് രൂപീകരിച്ച പോഷകസംഘടനയായ സേവാഭാരതി വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യംവെച്ച് കൊണ്ടുള്ളതാണ്.

ഈ സംഘടനയ്ക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കടുത്ത കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ നമുക്ക് പരമ പ്രധാനമായി വേണ്ടത് ഐക്യമാണ്. കോവിഡ് പ്രതിരോധത്തില്‍ ഗുരുതരമായ പിഴവ് കാട്ടിയ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ സമീപനങ്ങളിലും വിഭാഗീയതയാണ് സൃഷ്ടിക്കുന്നത്.