ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിൽ അയ്യായിരത്തിലധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് സ്ഥിതി വിലയിരുത്താനുള്ള 27-ാമത് മന്ത്രിതല യോഗം പുരോഗമിക്കുകയാണ്.
കേരളമുൾപ്പടെ 18 സംസ്ഥാനങ്ങളിലായി 5424 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചത്. രോഗം സ്ഥിരീകരിച്ച 4556 പേർ കൊവിഡ് സ്ഥിരീകരിച്ചവരാണ്.
55 ശതമാനം പേർ പ്രമേഹ രോഗികളാണെന്നും ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു. നേരത്തെ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ പുറത്തുവിട്ട കണക്ക് പ്രകാരം എണ്ണായിരത്തിലധികം പേർക്ക് ഫംഗസ് ബാധിച്ചിരുന്നു. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്.
അതേസമയം, ഉത്തരാഖണ്ഡ്, ബിഹാർ, രാജസ്ഥാൻ ഉൾപ്പടെ 10 സംസ്ഥാനങ്ങൾ ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആംഫോട്ടെറിസിന്റെ ഉത്പാദനം 250 ശതമാനം കൂട്ടാനുള്ള ശ്രമത്തിലാണ് കേന്ദ്രം.