ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണ് സതീശന്റെ നിയമനം: വി എം സുധീരൻ

0
76

 

വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ഗ്രൂപ്പുകൾക്ക് എതിരെ വിമർശനവുമായി വി എം സുധീരൻ. പ്രവർത്തകർ ഒറ്റക്കെട്ടായി ഗ്രൂപ്പിസത്തെ തള്ളിപ്പറഞ്ഞെന്നും ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണ് സതീശന്റെ നിയമനമെന്നും സുധീരൻ പറഞ്ഞു.

ആന്റണി-കരുണാകരൻ കാലത്തെ ഗ്രൂപ്പ് വിനാശകരമല്ലായിരുന്നു. പിൽക്കാലത്ത് അത് ഗ്രൂപ്പ് തീവ്രവാദമായി മാറി. തെരഞ്ഞെടുപ്പിൽ പോലും കഴിവുള്ളവർ ഗ്രൂപ്പിസം കാരണം പിന്തള്ളപ്പെട്ടു. ഗ്രൂപ്പ് മാനേജർമാരുടെ താൽപര്യം മാത്രമായിരുന്നു ഘടകം. പാർട്ടിയിൽ അടി മുതൽ മുടി വരെ മാറ്റം വരണം. എന്നാൽ ആരെയും ഉപദ്രവിച്ചുകൊണ്ടാവരുത് മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് തീവ്രവാദത്തിന്റെ പരിണിത ഫലമാണ് കോൺഗ്രസിന് അനുഭവിക്കേണ്ടി വന്നത്. തന്റെ സമയത്ത് നിർണായക ഘട്ടങ്ങളിൽ ഗ്രൂപ്പ് നേതാക്കളെ മറികടക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. പലപ്പോഴും സഹകരണം ലഭിക്കാതിരുന്നതോടെയാണ് അന്ന് ഒഴിഞ്ഞതെന്നും സുധീരൻ പറഞ്ഞു.