ചർച്ചകളോട് മുഖം തിരിച്ച്‌ കേന്ദ്രം, പ്രക്ഷോഭം ശക്തമാക്കുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്, 26ന് കരിദിനം

0
85

കേന്ദ്രസര്‍ക്കാരിന്റെ കാർഷിക മാരണബില്ലിനെതിരെ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ പ്രക്ഷോഭം തുടരുന്ന കര്‍ഷകരോട് മുഖം തിരിച്ച്‌ കേന്ദ്രം. ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട കര്‍ഷകസംഘടനകളുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. കേന്ദ്രസർക്കാർ നിഷേധ നിലപാട് തുടരുന്ന സാഹചര്യത്തിൽ പ്രക്ഷോഭം തുടങ്ങി ആറു മാസം തികയുന്ന 26ന്‌ സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിൽ രാജ്യവ്യാപകമായി കരിദിനം ആചരിക്കും. വീടുകളിലും കമ്പോളങ്ങളിലും വാഹനങ്ങളിലും മറ്റും കറുത്ത കൊടി ഉയർത്തി പ്രതിഷേധമുയര്‍ത്താന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചു. കോവിഡ്‌ മുന്‍കരുതലുകള്‍ പാലിച്ചാകും കരിദിനാചരണം.
പ്രക്ഷോഭം തുടങ്ങി ആറുമാസം പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ ചര്‍ച്ചക്ക് തയ്യാറാകാനും ആവശ്യങ്ങള്‍ അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനോട് നിഷേധ നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത്. ഇതേതുടർന്ന് പ്രക്ഷോഭം ശക്തമാക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് സാഹചര്യത്തിൽ പ്രതീകാത്മകമായാണ് എപ്പോൾ പ്രക്ഷോഭം. സര്‍ക്കാര്‍ ഇനിയും തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് സമരം തുടരുന്ന കര്‍ഷകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് ചര്‍ച്ച സാധ്യമാക്കണം എന്നതായിരുന്നു സംയുക്ത മോര്‍ച്ചയുടെ ആവശ്യം. എന്നാല്‍ ചര്‍ച്ചകള്‍ അടിയന്തരമായി പുനഃരാരംഭിക്കാൻ തയ്യാറല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
മൂന്ന്‌ കാർഷികനിയമവും വൈദ്യുതി ബില്ലും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക, 600 രൂപ വേതനത്തിൽ 200 ദിവസം തൊഴിലുറപ്പുജോലി നൽകുക, നഗരങ്ങളിലും പദ്ധതി നടപ്പാക്കുക, എല്ലാവർക്കും സൗജന്യ വാക്‌സിൻ തുടങ്ങിയ ആവശ്യമുന്നയിച്ചാണ് പ്രക്ഷോഭം. കോവിഡ്‌ പരിശോധനയും മരുന്നും സൗജന്യമാക്കുക, ഓരോ അംഗത്തിനും 10 കിലോ ഭക്ഷ്യധാന്യം സഹിതം എല്ലാ കുടുംബത്തിനും പ്രതിമാസം റേഷൻ കിറ്റ്‌ നൽകുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നൽകുക, അതിഥിത്തൊഴിലാളികൾക്ക്‌ സൗജന്യയാത്രാസൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളും ഉയർത്തും. ഹനൻ മൊള്ള (അഖിലേന്ത്യ കിസാൻസഭ), അതുൽകുമാർ അൻജൻ (അഖിലേന്ത്യ കിസാൻസഭ–-അജയ്‌ ഭവൻ), രാജാറാം സിങ്‌ (എഐകെഎം), ബി വെങ്കട്‌ (അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ), ജി എസ്‌ ഗൊരിയ (ബികെഎംയു), ഡി കെ ഝാ (എഐഎആർഎൽഎ) എന്നിവരാണ്‌ സമരതീരുമാനം അറിയിച്ചത്‌. ഡല്‍ഹിയുടെ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍ സമരം ചെയ്യുന്നത്. ഇതുവരെയായി 470ലേറെ പേര്‍ മരിച്ചു.