കർണാടകത്തിൽ ദളിത് യുവാവിനെ സ്​റ്റേഷനിൽ മൂത്രം കുടിപ്പിച്ചു, എസ്ഐക്കെതിരെ കേസ്

0
82

യുവതിയോട് സംസാരിച്ചുവെന്നതിന് കസ്റ്റഡിയിലെടുത്ത ദളിത് യുവാവിനെ സ്​റ്റേഷനിൽ വെച്ച് മൂത്രം കുടിപ്പിച്ചു. ഇതിനുപുറമെ രണ്ടര മണിക്കൂറിലേറെ ലോക്കപ്പിലിട്ട് ക്രൂരമായി മർദിക്കുകയും ചെയ്തു. കർണാടകത്തിലെ ചിക്മഗളൂരു ഗോനിബീഡ്​ ​പൊലീസ്​ സ്​റ്റേഷനിലാണ്​ സംഭവം. സംഭവം വിവാദമായതോടെ എസ്ഐ അർജുനെതിരെ കേസെടുത്തതായി ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു.

പൊലിസുകാർക്കെതിരെ വകുപ്പുതല അന്വേഷണവും തുടങ്ങി. മൂഡിഗരെ താലൂക്കിലെ കിരൺഗുണ്ട സ്വദേശി കെ എൽ പുനീത് എന്ന യുവാവിനാണ്‌ ദുരനുഭവമുണ്ടായത്. സംഭവത്തിൽ പുനീത് കർണാടക ഡിജിപി പ്രവീൺ സൂദ്, ചിക്മഗളൂരു എസ്പി അക്ഷയ് എം ഹക്കായ് എന്നിവർക്ക് പരാതി നൽകി.

ഈ മാസം പത്തിനാണ് സംഭവങ്ങളുടെ തുടക്കം. ഗ്രാമത്തിലെ ഒരു യുവതിയോട്​ സംസാരിച്ചുവെന്ന ഗ്രാമവാസികളുടെ വാക്കാലുള്ള പരാതിയിൽ പൊലീസുകാർ പുനീതിനെ കസ്റ്റഡിയിലെടുത്തു. യുവതിയും അവരുടെ ഭർത്താവും തമ്മിലുള്ള വിയോജിപ്പിനുകാരണം പുനീത് ആണെന്നായിരുന്നു പരാതി. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവാവിനെ രണ്ടര മണിക്കൂറോളം മർദിച്ചു. അവശനായ യുവാവാണ് കുടിക്കാൻ വെള്ളം ചോദിച്ചപ്പോഴാണ് പൊലീസുകാർ മൂത്രം കുടിപ്പിച്ചത്.

മോഷണകേസിൽ കസ്റ്റഡിയിലുള്ള ചേതൻ എന്നയാളോട് പുനീതിന്റെ മുഖത്ത് മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ടു. ചേതൻ വിസമ്മതിച്ചപ്പോൾ മറ്റു കേസുകളിൽ കുടുക്കുമെന്നും ഗുരുതര പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് ലോക്കപ്പിനകത്ത് തളം കെട്ടിയ മൂത്രം പൊലീസുകാർ പുനീതിനെക്കൊണ്ട് നക്കികുടിപ്പിച്ചതെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ പറഞ്ഞു.

സംഭവം വിവാദമായതോടെ എസ്പിയുടെ നിർദ്ദേശപ്രകാരം ചിക്മഗളൂരു ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ എസ്ഐ അർജുൻ തെറ്റുകാരനാണെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനുപുറമെ എസ്ഐയെ സ്റ്റേഷൻ ചുമതലകളിൽനിന്നും ഒഴിവാക്കി സ്ഥലം മാറ്റി. വകുപ്പുതല അന്വേഷണം നടന്നുവരുന്നതായും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ പൊലിസുകാർക്കെതിരെ കർശന നിയമ നടപടിയുണ്ടാകുമെന്നും ചിക്മഗളൂരു എസ്പി അക്ഷയ് എം ഹക്കായ് പറഞ്ഞു.