ഐഎസ്ഐ ഏജന്റുമാരുമായി ബന്ധം ; സഹോദരങ്ങളായ അധ്യാപികമാർ അറസ്റ്റിൽ

0
56

പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായി നിരന്തരബന്ധം പുലർത്തിയ സഹോദരങ്ങളായ അധ്യാപികമാരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോർ മൗവ് കന്റോൺമെന്റ് ഏരിയയിലെ ഗാവ്ലി പലാസിയ സ്വദേശികളും അംബേദ്‌കർനഗർ സ്‌കൂളിലെ അധ്യാപികമാരുമായ 32 ഉം 28 ഉം വയസുള്ള സഹോദരങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും മിലിട്ടറി ഇന്റലിജൻസും പോലീസും ചോദ്യം ചെയ്തു.

ഒരു വർഷത്തിലേറെയായി സമൂഹമാധ്യമങ്ങൾ വഴി ഇരുവരും പാക്കിസ്ഥാൻ സ്വദേശികളായ യുവാക്കളുമായും ഐഎസ്ഐ ഏജന്റുമാരെന്ന് സംശയിക്കുന്ന ഏതാനും ആൾക്കാരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ പ്രൊഫൈൽ ഉപയോഗിച്ചായിരുന്നു ഇവരുടെ സമ്പർക്കവും ഇടപാടുകളും. ഇവരുടെ മൊബൈൽഫോണുകളും ഏതാനും ഇലക്ട്രിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മൊഹ്സിൻഖാൻ, ദിൽവാർ തുടങ്ങി ഏതാനും യുവാക്കളുമായി അടിക്കടി സമ്പർക്കം പുലർത്തിയതായി കണ്ടെത്തി. ചാരവൃത്തിയായിരുന്നോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണം നടന്നുവരുന്നതായും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണഘട്ടത്തിലായതിനാൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. പൊലീസും മിലിട്ടറി ഇന്റലിജൻസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നതെന്ന് ഇൻഡോർ ഐജി ഹരിനാരായൺ ചാരിമിശ്ര പറഞ്ഞു.