പെട്രോള്‍ ബോംബ് ആക്രമണം: പരിക്കേറ്റ ഭിന്നശേഷിക്കാരന്‍ മരിച്ചു

0
67

ശവപ്പെട്ടിക്കട നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ അയല്‍വാസിയുടെ പെട്രോള്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി വര്‍ഗീസാണ് മരിച്ചത്. അയല്‍വാസിയായ സെബാസ്റ്റ്യനാണ് വര്‍ഗീസിന് പെട്രോള്‍ ബോംബ് എറിഞ്ഞത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. സംഭവദിവസം വീടിന്റെ ടെറസില്‍ കയറിയ സെബാസ്റ്റ്യന്‍ പെട്രോള്‍ ബോംബ് വര്‍ഗീസിന് നേരെ എറിയുകയായിരുന്നു. ഇരു കാലുകള്‍ക്കും ചലനശേഷിയില്ലാത്തതിനാല്‍ വര്‍ഗീസിന് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ല. മെയ് 12 ബുധനാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. സെബാസ്റ്റ്യന്റെ വീടിനോട് ചേര്‍ന്നാണ് വര്‍ഗീസ് ശവപ്പെട്ടിക്കട നടത്തുന്നത്. ഇതിനെതിരേ സെബാസ്റ്റ്യന്‍ പഞ്ചായത്തിലടക്കം നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയിൽ കഴമ്പില്ലെന്ന് പഞ്ചായത്ത് കണ്ടെത്തിയിരുന്നു.