കൊടകര കുഴൽപ്പണക്കേസ്‌: അന്വേഷണം ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക്, മൂന്ന് നേതാക്കളെ ചോദ്യം ചെയ്തു

0
65

കൊടകരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു കുഴൽപ്പണം കവർന്ന കേസിൽ അന്വേഷണം ബിജെപി സംസ്ഥാന നേതൃത്വത്തിലേക്കും. ഇതിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരിയെയും മധ്യമേഖലാ സെക്രട്ടറി ജി കാശിനാഥനെയും ജില്ലാ ട്രഷറര്‍ സുജയ് സേനനെയും പ്രത്യേക അന്വേഷകസംഘം ചോദ്യം ചെയ്തു. ഹരിയേയും കാശിനാഥിനേയും മൂന്ന് മണിക്കൂറോളം ചോദ്യംചെയ്തു പിന്നീട് വിട്ടയച്ചു. സുജയ്സേനനെ വിട്ടയച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട വളരെ നിർണായകമായ വിവരങ്ങളാണ് ശനിയാഴ്ചത്തെ ചോദ്യംചെയ്യലിൽ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചത്. കവർച്ച ആസൂത്രണം ചെയ്തത് തൃശൂരിലാണെന്നും ഉന്നതരായ മൂന്ന് നേതാക്കൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചു.
കവര്‍ച്ച ആസൂത്രണം ചെയ്തത് തൃശൂരിലാണെന്നാണ് സൂചന. പണം കൊണ്ടുവന്ന സംഘത്തിന് കെ ആര്‍ ഹരിയാണ് തൃശൂരിലെ സ്വകാര്യലോഡ്ജില്‍ മുറിയെടുത്ത് നല്‍കിയതെന്നാണ് വിവരം. പുലര്‍ച്ച ഒന്നരവരെ ഹരിയും നഗരത്തില്‍ ക്യാമ്പ് ചെയ്തു. അര്‍ധരാത്രി സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിച്ചതായും വിവരം ലഭിച്ചു. സുജയസേനനും ലോഡ്ജിലെത്തി. കവര്‍ച്ച നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഇയാള്‍ കൊടകരയിലെത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വെളിപ്പെടുത്തുന്നു. ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങള്‍ അന്വേഷകസംഘത്തിന് ലഭിച്ചു.
നേരത്തെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ബിജെപി പ്രവര്‍ത്തകരായ ധര്‍മ്മരാജനും സുനില്‍ നായിക്കും വണ്ടിയില്‍ മൂന്നരക്കോടിയുണ്ടായിരുന്നെന്ന് സമ്മതിച്ചിരുന്നു. യുവമോര്‍ച്ച മുന്‍ ട്രഷററായ സുനില്‍ നായിക്കാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മജന്‍ വഴി പണം കൊടുത്തയച്ചത്. എവിടേക്കാണ് പണം കൊടുത്തയച്ചതെന്ന കൃത്യമായ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നാണ് പണം വന്നതെന്നും വ്യക്തമായി. മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന് ബിജെപി പ്രവര്‍ത്തകരായ ധര്‍മ്മരാജനും സുനില്‍ നായക്കും പൊലീസിനോട് സമ്മതിച്ചു. തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പ്പണമാണ് കൊടകരയില്‍ വച്ച് തട്ടിയെടുത്തത്.