Breaking… കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്, പി ടി തോമസ് യുഡിഎഫ് കണ്‍വീനര്‍

0
85

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിച്ചതിന് പിന്നാലെ കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിക്കും. ഇത് സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ധാരണയിലെത്തി. നിലവിലെ സാഹചര്യത്തിൽ കെ സുധാകരൻ തന്നെ പ്രസിഡന്റ് ആകണമെന്നാണ് നേതൃത്വം പറയുന്നത്. ഇതിന്റെ ഭാഗമായി ഒരു മാസത്തിനകം മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു. ഈ സ്ഥാനത്തേക്ക് നോട്ടമിട്ട ആളാണ് കെ മുരളീധരൻ.

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി സ്ഥാനമൊഴിയാത്തതിൽ ഹൈകമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. പരാജയത്തില്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്നും സ്ഥാനമൊഴിയാന്‍ തയ്യാറെന്നും മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, പദവിയിൽ കടിച്ചുതൂങ്ങി നിൽക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കമാൻഡ് പരോക്ഷമായി വിമർശിച്ചിരുന്നു. മുല്ലപ്പള്ളി സ്ഥാനമൊഴിയാത്തതിലുള്ള അതൃപ്‌തി ഹൈക്കമാൻഡ് മുല്ലപ്പള്ളിയെ നേരിട്ട് അറിയിച്ചിരുന്നു. ഏറ്റവുമൊടുവിൽ ബുധനാഴ്ച ഇക്കാര്യത്തില്‍ വ്യക്തമായ സന്ദേശം നേതൃത്വം മുല്ലപ്പള്ളിക്ക് നല്‍കി. അതേസമയം, കെ സുധാകരൻ ബിജെപിയിൽ ചേക്കേറുമെന്ന ഭീഷണി ഉയർത്തിയതോടെയാണ് അദ്ദേഹത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബിജെപിയോട് അയിത്തമില്ലെന്നും ബിജെപിയിൽ പോകാൻ മടിയില്ലെന്നും സുധാകരൻ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് സുധാകരനെ പ്രസിഡന്റാകാനുള്ള നീക്കം. രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് നിയോഗിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. എന്നാൽ, ഈ നിർദ്ദേശം ചെന്നിത്തല തള്ളിയിരുന്നു.

അതിനിടെ, മുസ്ലിംലീഗിന്റെ സമ്മർദ്ദത്തെത്തുടർന്ന് ബെന്നി ബെഹനാനെ യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് തെറിപ്പിക്കാനും തീരുമാനമായി. പി ടി തോമസ് എംഎൽഎയെ കൺവീനറാക്കാനാണ് തീരുമാനം. പ്രതിപക്ഷ നേതൃപദവിക്ക് വേണ്ടി തോമസ് കടുംപിടുത്തം പിടിച്ചിരുന്നു. ഇതിനായി അദ്ദേഹം കരുക്കൾ നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പി ടി തോമസിനെ യുഡിഎഫ് കൺവീനറാക്കുന്നത്.

അതിനിടെ തലമുറ മാറ്റത്തിന്റെ പേരിൽ വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിനെതിരെ കോൺഗ്രസ് അണികൾ രംഗത്തുവന്നുകഴിഞ്ഞു. തലമുറ മാറ്റം എന്നുപറഞ്ഞ് “അറുപത് തികയറായ യുവാവിനെ” കൊണ്ടുവന്നതിൽ ആവേശം എന്നാണ് അണികൾ പ്രതികരിക്കുന്നത്.