കോവിഡ് വാക്സിനേഷന്‍റെ പേരില്‍ വ്യാജ സൈറ്റുണ്ടാക്കി പണത്തട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

0
63

കോവിഡ് വാക്സിനേഷന്‍റെ പേരില്‍ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച്‌ പണം തട്ടിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശേഖർ പരിയാര്‍, അശോക് സിംഗ് എന്നിവരെയാണ് ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. വാക്സിന്‍ സ്ലോട്ടുകള്‍ വാഗ്ദാനം ചെയ്താണ് വ്യാജ സൈറ്റ് സൃഷ്ടിച്ചത്. ആയിരക്കണക്കിന് ആളുകള്‍ ഇവരുടെ തട്ടിപ്പിനിരയായി എന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്‍റെ ഔദ്യോഗിക വാക്സിന്‍ രജിസിട്രേഷന്‍ പോര്‍ട്ടലായ കോവിന്നിന് (CoWin portal) സമാനമായ സൈറ്റാണ് തട്ടിപ്പുകാര്‍ സൃഷ്ടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. യഥാര്‍ത്ഥ പോര്‍ട്ടലില്‍ ഉപയോഗിച്ചിരുനന അതേ നിറങ്ങളും ഡോക്യുമെന്‍റ്സും സ്റ്റാറ്റിസ്റ്റിക്സ് വിവരങ്ങളും ലിങ്കുകളും അടക്കം എല്ലാം വ്യാജ സൈറ്റിലും ഉള്‍പ്പെടുത്തി. 4,000 മുതല്‍ 6,000 വരെ രൂപയ്ക്കാണ് ഇവർ വാക്സിന്‍ സ്ലോട്ടുകള്‍ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് പൊലീസ് പറഞ്ഞു. പരിയാറിന്റെ ബാങ്ക് അക്കൗണ്ടിലൂടെ 40 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ബംഗാളിലെ സിലിഗുരി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.