കഴിഞ്ഞ തവണത്തെ പ്രതിപക്ഷം പോലെയാകില്ല തന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമെന്ന് വി ഡി സതീശൻ. എല്ലാത്തിലും ആരോപണങ്ങൾ മാത്രം ഉന്നയിക്കാൻ താല്പര്യമില്ല. ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായിരിക്കും തങ്ങളുടേതെന്നും സതീശന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഒളിയമ്പെയ്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയത് പുഷ്പകിരീടമല്ലെന്ന ഉറച്ച വിശ്വാസം ഉണ്ട്. എന്നാൽ, എന്തിനും ഏതിനും ആരോപണം ഉന്നയിക്കുന്ന രീതി ഉണ്ടാകില്ല. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാണ്. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തിരിച്ചുകൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു.
സ്ഥാനലബ്ധി വിസ്മയിപ്പിക്കുന്നു. ഹൈക്കമാന്റിനും കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസില്‍ എല്ലാവരേയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് നയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കോവിഡ് മഹാമാരിയുടെ കാലത്ത് കനത്ത വെല്ലുവിളിയിലൂടെയാണ് കേരളം കടന്നു പോകുന്നത്.
കോവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. വര്‍ഗീയതയെ യുഡിഎഫ് ശക്തമായി എതിര്‍ക്കും. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണ്. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് കേരള രാഷ്ട്രീയത്തില്‍ വേണ്ടത്. ഇതിനായി കോണ്‍ഗ്രസിലെ രണ്ടാംനിര മുന്നോട്ടു വരുമെന്നും സതീശന് പറഞ്ഞു.