യുപിയില്‍ കര്‍ഫ്യൂ ലംഘിച്ചെന്ന പേരില്‍ പൊലീസ് മര്‍ദിച്ച 17 കാരന്‍ മരിച്ചു; കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍

0
90

ഉത്തര്‍പ്രദേശില്‍ കൊറോണ കര്‍ഫ്യൂ ലംഘിച്ചതിന്റെ പേരില്‍ പൊലീസ് മര്‍ദനമേറ്റ പതിനേഴുകാരന്‍ മരിച്ചു. സംഭവത്തിൽ പൊലീസ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഭട്ട്പുരിയിലാണ് സംഭവം. വീടിന് പുറത്ത് പച്ചക്കറി വില്‍ക്കുകയായിരുന്ന കുട്ടിയെ കര്‍ഫ്യൂ ലംഘിച്ചെന്ന പേരില്‍ പൊലീസ് മര്‍ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കര്‍ഫ്യൂ ലംഘിച്ചുവെന്ന് പറഞ്ഞ് ആദ്യം പൊലീസ് കുട്ടിയെ ലാത്തി കൊണ്ടടിച്ചു. പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എവിടെവച്ചും അതിക്രൂരമായ മർദനത്തിനിരയാക്കി. മർദനമേറ്റ് അവശനായ കുട്ടിയെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചു.

വിവരം അറിഞ്ഞതോടെ രോഷാകുലരായ നാട്ടുകാർ ലഖ്നൗ റോഡില്‍ പ്രതിഷേധിച്ചു. കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടര്‍ന്നാണ് കോണ്‍സ്റ്റബിള്‍ വിജയ് ചൗധരിയെ സസ്പെന്‍ഡ് ചെയ്തത്. ഹോംഗാര്‍ഡായ സത്യപ്രകാശിനെ ജോലിയില്‍ നിന്ന് നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു. ബന്ധുക്കളുടെ പരാതിപ്രകാരം പൊലീസുകാർക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.