പന്തൽ പൊളിച്ചില്ല, സത്യപ്രതിജ്ഞാ വേദിയിൽ വാക്‌സിനേഷൻ തുടങ്ങി

0
55
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ നടന്ന പന്തലില്‍ ആരംഭിച്ച വാക്‌സിനേഷന്‍ സെന്ററില്‍ രജിസ്‌ട്രേഷന്‌ കാത്തിരിക്കുന്നവര്‍

 

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കൊവിഡ് വാക്‌സിനേഷൻ തുടങ്ങി. 150 പേർക്കാണ് ഇന്ന് വാക്‌സിനേഷൻ നൽകുക. 18- 44 വയസ്സ് വരെയുള്ള മുന്നണി പോരാളികൾക്ക് ആണ് വാക്‌സിനേഷൻ കൊടുക്കുന്നത്.

മൂന്ന് പന്തലുകളിലായി പരമാവധി ആളുകൾക്ക് വാക്‌സീൻ കൊടുക്കാനാണ് തീരുമാനം. വെള്ളിയാഴ്ച രാവിലെ തന്നെ ഇവിടെ വാക്‌സിൻ വിതരണം ആരംഭിച്ചു.സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം പന്തൽ പൊളിച്ചിരുന്നില്ല.അയ്യായിരം പേരെ ഉൾക്കൊള്ളാൻ ആവുന്ന പന്തലായിരുന്നു സജ്ജമാക്കിയത്.

കോവിഡ് രൂക്ഷമായിരിക്കെ സത്യപ്രതിജ്ഞാചടങ്ങിനായി സ്റ്റേഡിയത്തിൽ പന്തൽ തയ്യാറാക്കിയതിനെ ചിലർ വിമർശനമുന്നയിച്ചിരുന്നു. ആ വിമർശനങ്ങൾക്ക് മറുപടിയാണ് സർക്കാർ കൈക്കൊണ്ട മാതൃകാപരമായ തീരുമാനം. നേരത്തെ ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ വാക്‌സിനേഷനായി തിരക്ക് കൂടുന്നുവെന്ന പരാതി ഉയർന്നിരുന്നു. സെൻട്രൽ സ്റ്റേഡിയത്തിൽകൂടി വാക്‌സിനേഷൻ ആരംഭിച്ചതോടെ ആ പരാതിക്കും പരിഹാരമാകുകയാണ്.

നാളെ 200 പേർക്ക് വാക്‌സിൻ നൽകാനാകുമെന്നാണ് കണക്കുകൂട്ടൽ. കൂടുതൽ സ്റ്റാഫിന്റെ ലഭ്യത ഉറപ്പാക്കുന്നതിനനുസരിച്ച് കൂടുതൽ ആളുകൾക്ക് പ്രതിദിനം വാക്‌സിൻ നൽകാൻ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.